തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ എം.എൽ.എയുടെ ബിനാമിയെന്നാരോപിച്ചിരുന്നയാളുടെ വീട്ടിൽ നിന്ന് അസ്വാഭാവികമായ ഒരു രേഖകളും കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ്, പ്രത്യേക വിജിലൻസ് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ശിവകുമാറിന്റെ സുഹൃത്തായ ഗൗരീശപട്ടം സ്വദേശി അഡ്വക്കേറ്റ് എൻ.എസ്. ഹരികുമാറിനെ വിജിലൻസ് ശിവകുമാറിനൊപ്പം പ്രതി ചേർത്തിരുന്നു. ഹരി കുമറിന്റെ വീട്ടിൽ രാവിലെ മുതൽ രാത്രി വരെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് ആറ് പേജുള്ള റിപ്പോർട്ടിൽ പറയുന്നു, ഹരികുമാറിന് സ്റ്റാച്യൂ പുളിമൂട്ടിൽ സ്വന്തമായി ഒരു രണ്ടുനില കെട്ടിടം ഉണ്ട്. താഴത്തെ നില പ്രതിമാസം 5000 രൂപ വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. ഇതിനെ സംബന്ധിയ്ക്കുന്ന വാടക കരാർ ഹരികുമാറിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. മുകളിലത്തെ നിലയിൽ ഹരി കുമാറിന്റെ അടുത്ത ബന്ധുവാണ് വാടകയ്ക്ക് താമസിയ്ക്കുന്നത്. വാടക വാങ്ങാത്തത് കൊണ്ട് തന്നെ ഇതിന് വാടക കരാറും നിലവിൽ ഇല്ലെന്ന് വിജിലൻസ് റിപ്പോർട്ടിലുണ്ട്. അനധികൃത സ്വത്ത് സമ്പാതിച്ചതിനെ കുറിച്ച് ഒരു രേഖയും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ശിവകുമറിന്റെ ബിനാമിയാണോ ഹരികുമാർ എന്ന കാര്യത്തിലും വ്യക്തത വരുത്താൻ റെയ്ഡിലൂടെ വിജിലൻസിന് കഴിഞ്ഞിട്ടില്ല.അതേസമയം ബാങ്ക് ലോക്കറിന്റെ താക്കോൽ കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിൽ ലോക്കർ നമ്പരും, പാസ് ബുക്കും പരിശോധനാ വേളയിൽത്തന്നെ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചിരുന്നതായി വി.എസ്.ശിവകുമാർ പറഞ്ഞു.വർഷങ്ങളായി ഉപയോഗിക്കാതിരുന്നതുകൊണ്ടാണ് ബാങ്ക് ലോക്കറിന്റെ താക്കോൽ പെട്ടെന്ന് കണ്ടെത്താൻ കഴിയാതിരുന്നത്. ബാങ്കിന്റെ ലോഗ് ബുക്ക് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ ബോദ്ധ്യമാകും. താക്കോൽ കൈമോശം വന്നതുകൊണ്ട് മാത്രം ലോക്കർ തുറക്കാൻ കഴിയാത്ത സാഹചര്യമില്ല. എപ്പോൾ വേണമെങ്കിലും പൊലീസിന് ലോക്കർ തുറന്ന് പരിശോധിക്കാവുന്നതേയുള്ളൂവെന്നും ഉദ്യോഗസ്ഥരോട് അങ്ങേയറ്റം സഹകരണമാണ് തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും ശിവകുമാർ പറഞ്ഞു.