തിരുവനന്തപുരം: തലസ്ഥാന നഗരിക്ക് നാടകത്തിന്റെ ചൂടും ചൂരും പകർന്ന് യുവജന ക്ഷേമ ബോർഡ് സംഘടിപ്പിച്ച നാടകാഘോഷത്തിന് തിരശ്ശീല വീണു. കഴിഞ്ഞ രണ്ടു ദിവസമായി ടാഗോർ തിയേറ്ററിൽ അരങ്ങേറിയ കലാസൃഷ്ടികൾ കാണികൾക്കായി കരുതിവച്ചിരുന്നത് പോയ കാലത്തിന്റെ അവശേഷിപ്പുകളും ആനുകാലിക വിഷയങ്ങളുടെ കൂടിച്ചേരലുകളുമായിരുന്നു. ജില്ലാ അടിസ്ഥാനത്തിൽ നടത്തിയ മത്സരങ്ങളിൽ ഒന്നാമതെത്തിയ 13 ടീമുകളാണ് വിവിധ വിഷയങ്ങളുമായി അരങ്ങിലെത്തിയത്. പൗരത്വഭേദഗതി നിയമം, രാഷട്രീയ പാർട്ടികളുടെ രഹസ്യ അജൻഡകൾ, കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള ചൂഷണങ്ങൾ തുടങ്ങി തൊട്ടാൽ പൊള്ളുന്ന വിഷയങ്ങൾ അരങ്ങ് കീഴടക്കി. തൃശ്ശൂർ ദേശാഭിമാനി കലാസാംസ്‌കാരിക വേദിയുടെ 'ലിബ്ബിന്' ഒന്നാം സ്ഥാനവും മലപ്പുറം ലിറ്റിൽ എർത്ത് സ്‌കൂൾ ഒഫ് തിയേറ്ററിന്റെ 'കെന്റോണിയൻസിന്' രണ്ടും തിരുവനന്തപുരം ആപ്റ്റ് പെർഫോമൻസ് ഒഫ് റിസർച്ചിന്റെ 'പൈറ്റ്സ് ഒഫ് അനാർക്കി' മൂന്നാമതുമായി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം ഒരുലക്ഷം, 75,000, 50,000 എന്നിങ്ങനെ കാഷ് പ്രൈസും ഫലകവുമാണ് അവാർഡ്. പുരസ്‌കാരങ്ങൾ മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ വിതരണം ചെയ്തു. പുതിയ കാലത്ത് തിരിച്ചുവരവിന്റെ പാതയിലുള്ള നാടകത്തിനും കലാകാരന്മാർക്കും ഉൗർജം പകരാനും പിന്തുണ നൽകാനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ഫെസ്റ്റിവൽ ഡയറക്ടർ പ്രമോദ് പയ്യന്നൂർ, ബോർഡ് വൈസ് ചെയർമാൻ പി.ബിജു,നടന്മാരായ പ്രേംകുമാർ,സന്തോഷ് കാല,കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.