വെഞ്ഞാറമൂട്: ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആട്ടോയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. പുല്ലമ്പാറ വെള്ളുമണ്ണടി പടയം എസ്.പി ഭവനിൽ സുരേഷ് കുമാറാണ് (51) ഇന്നലെ അറസ്റ്റിലായത്. പൊലീസ് പറയുന്നത്: ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ ആട്ടോയിലെത്തിയ പ്രതി തട്ടിക്കൊണ്ട് പോകുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് ബൈക്ക് യാത്രികൻ ആട്ടോ തടഞ്ഞുനിറുത്തിയെങ്കിലും ഇയാൾ കുട്ടിയുമായി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ ബിനിഷ് ലാൽ, എ.എസ്.ഐ ശശി, സി.പി.ഒമാരായ ഷാജി, അജിത്, ഷിബിലി എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.