hot-sun

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലും ചില ജില്ലകളിൽ നിന്നും സൂര്യാതപം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാലും ആരോഗ്യവകുപ്പ് ജാഗ്രതാനിർദ്ദേശം നൽകി. പ്രായമുള്ളവർ, പിഞ്ചുകുഞ്ഞുങ്ങൾ, കുട്ടികൾ, പ്രമേഹം, വൃക്കരോഗം, ഹൃദ്രോഗം മുതലായ രോഗമുള്ളവർ എന്നിവർക്ക് ചെറിയ രീതിയിൽ സൂര്യഘാതമേറ്റാൽ പോലും പ്രശ്നമാണ്. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നെങ്കിൽ ഉടൻ തന്നെ ചികിത്സ തേടണമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ചിലർക്ക് സൂര്യാതപമേറ്റ് ശരീരഭാഗങ്ങൾ ചുവന്ന് തുടിച്ച് വേദനയും പൊള്ളലും ഉണ്ടാകും. ഇവർ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടണം. പൊള്ളിയ കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുതെന്നും നിർദ്ദേശമുണ്ട്.

ലക്ഷണങ്ങൾ

വളരെ ഉയർന്ന ശരീരതാപം

വറ്റി വരണ്ട് ചുവന്നു ചൂടായ ശരീരം

ശക്തിയായ തലവേദന, തലകറക്കം

ഇതേ തുടർന്നുള്ള അബോധാവസ്ഥ

സൂര്യാഘാതം ഏറ്റാൽ

തണൽ ഉള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കണം
ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കണം
തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കണം

 ഫാൻ, എ.സി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കണം.

ധാരാളം പാനീയങ്ങൾ കുടിക്കാൻ നൽകണം

ബോധക്ഷയം ഉണ്ടായാൽ ഉടൻ ആശുപത്രിയിലെത്തിക്കണം

എങ്ങനെ പ്രതിരോധിക്കാം ?

ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക, വെയിലത്ത് ജോലിചെയ്യുന്നവർ ഉച്ചക്ക് 12 മുതൽ 3 വരെ വിശ്രമിക്കണം, കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്, വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക, കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക,
വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.