പോത്തൻകോട്: ഭാരതീയ ദർശനത്തിന്റെ സത്ത ഉൾക്കൊണ്ട ശാന്തികുടീരമാണ് ശാന്തിഗിരിയെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ശാന്തിഗിരി ആശ്രമം പൂജിതപീഠം സമർപ്പണ വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരെ നേർവഴി നയിക്കുന്ന മഹത്തായ ദർശനമാണ് ശാന്തിഗിരിയുടേത്. ഭാരത ഗുരുപരമ്പരയിൽപ്പെട്ട ഏറ്റവും ശ്രേഷ്ടനാണ് നവജ്യോതി ശ്രീകരുണാകര ഗുരുവെന്നും അദ്ദേഹം പറഞ്ഞു. അടൂർ പ്രകാശ് എം.പി അദ്ധ്യക്ഷനായിരുന്നു. ശാന്തിഗിരി കമ്മ്യൂണിക്കേഷൻ പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനം തെലങ്കാന മന്ത്രി ശ്രീനിവാസ് ഗൗഡ് നിർവഹിച്ചു. 'ഉമ്മിണിതങ്കം' എന്ന ആശ്രമ പ്രസിദ്ധീകരണത്തിന്റെ പ്രത്യേക പതിപ്പ് പാലോട് രവി പ്രകാശനം ചെയ്തു. സ്വാമി ചൈതന്യ ജ്ഞാനതപസ്വി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി.സുഹൈബ് മൗലവി,ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്,ഗുരു ദിലീപ് ജി.മഹാരാജ്, ഷാനിഫാബീഗം, എസ്.സുജാത, കെ.വേണുഗോപാലൻ നായർ, കെ.ജയൻ, എ.അനിൽകുമാർ എന്നിവർ പങ്കെടുത്തു. സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി സ്വാഗതവും ഡോ.കെ.എൻ. ശ്യാംപ്രസാദ് കൃതഞ്ജതയും പറഞ്ഞു.
ഇന്നലെ രാവിലെ അഞ്ചിന് പ്രത്യേക പുഷ്പാഞ്ജലിയോടെ പൂജിതപീഠം ആഘോഷങ്ങൾക്ക് തുടക്കമായി. വൈകിട്ട് ആറിന് യജ്ഞശാലയിൽ നിന്ന് ആരംഭിച്ച കുംഭാഘോഷയാത്ര ആശ്രമ സമുച്ചയം വലംവച്ച് ഗുരുപാദങ്ങളിൽ സമർപ്പിച്ചു.