വെല്ലിംഗ്ടൺ : ഇന്ത്യയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം തന്നെ വ്യക്തമായ മേൽക്കൈ നേടി ആതിഥേയരായ ന്യൂസിലാൻഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യദിനം മഴ കാരണം കളി നേരത്തെ നിറുത്തുമ്പോൾ 122/5 എന്ന നിലയിലായിരുന്നു. ഇന്നലെ ഇന്ത്യയെ 165 റൺസിന് ആൾ ഒൗട്ടാക്കിയശേഷം മറുപടിക്കിറങ്ങിയ കിവീസ് സ്റ്റംപെടെക്കുമ്പോൾ 51 റൺസ് ലീഡിൽ 216/5 എന്ന നിലയിലെത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ ഋഷഭ് പന്തും (19), അജിങ്ക്യാ രഹാനെയും (46) പുറത്തായ ശേഷം വാലറ്റത്ത് മുഹമ്മദ് ഷമി (21) നടത്തിയ പോരാട്ടമാണ് 165 റൺസിലെങ്കിലുമെത്താൻ ഇന്ത്യയെ സഹായിച്ചത്. കനത്ത കാറ്റും പേസിനെ തുണയ്ക്കുന്ന പുല്ലും നിറഞ്ഞ ബേസിൻ റിസർവിലെ പിച്ചിൽ നാല് വിക്കറ്റ് വീതം വീഴ്ത്തി കിവീസിന്റെ വെറ്ററൻ പേസർ ടി സൗത്തീയും അരങ്ങേറ്റക്കാരൻ കൈൽജാസണും സന്ദർശകർക്ക് വെല്ലുവിളിയായി ബൗൾട്ടിന് ഒരു വിക്കറ്റ് ലഭിച്ചു.
മറുപടിക്കിറങ്ങിയ കിവീസിന് പരിക്ക് മാറിയെത്തിയ നായകൻ കേൻ വില്യംസണിന്റെ (89) തകർപ്പൻ അർദ്ധ സെഞ്ച്വറിയും നൂറാം ടെസ്റ്റിനിറങ്ങിയ റോസ് ടെയ്‌ലറുടെ 44 റൺസുമാണ് ലീഡ് നേടാൻ കരുത്തായത്. ഒാപ്പണർ ടോം ബ്ളാൻഡേൽ 30 റൺസെടുത്ത് മടങ്ങി. കളിനിറുത്തുമ്പോൾ 14 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബി.ജെ. വാറ്റ്‌ലിംഗും നാല് റൺസുമായി കോളിൻ ഡി ഗ്രാൻഡ് ഹോമുമാണ് ക്രീസിൽ, ഇന്ത്യയ്ക്കുവേണ്ടി വെറ്ററൻ പേസർ ഇശാന്ത് ശർമ്മ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമിക്കും അശ്വിനും ഒാരോ വിക്കറ്റ് വീതം ലഭിച്ചു.
ഗതിമാറ്റിയ റൺ ഒൗട്ട്
122/5 എന്ന നിലയിൽ ഋഷഭ് പന്തും രഹാനെയും ചേർന്ന് ഇന്നലെ ബാറ്റിംഗ് തുടരാനെത്തിയപ്പോൾ 200ന് മുകളിലുള്ള ഒരു സ്കോർ ഇന്ത്യ ലക്ഷ്യം കണ്ടിരുന്നു. എന്നാൽ തലേന്നത്തെ വ്യക്തിഗത സ്കോറിനോട് 9 റൺസ് മാത്രം കൂട്ടിച്ചേർത്ത ശേഷം ഋഷഭ് പന്ത് നിർഭാഗ്യകരമായി റൺ ഒൗട്ടായതോടെ ഇന്ത്യൻ ഇന്നിംഗ്സിന്റെ ഗതിമാറുകയായിരുന്നു.
പോയിന്റിലേക്ക് തട്ടിയിട്ട ശേഷം സിംഗിൾ എടുക്കാനായി ഒാടിയ ഋഷഭ് പന്ത് അജിങ്ക്യ രഹാനെയുമായുള്ള ആശയക്കുഴപ്പത്തിലാണ് റൺ ഒൗട്ടായത്. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിന്ന് നോ വിളിച്ചിട്ടും ഒാടിയിറങ്ങിയ രഹാനെയെക്കണ്ട് ഋഷഭും ഒാടാനിറങ്ങി. ഇടയ്ക്ക് പതറിയശേഷം വീണ്ടും ഒാടി പാതിവഴി പിന്നിട്ടപ്പോഴാണ് അബദ്ധം മനസിലായത്. തുടർന്ന് രഹാനെ പുറത്താകുന്നത് ഒഴിവാക്കാൻ ഋഷഭ് തിരികെയോടിയെങ്കിലും അയാസ് പാേലിന് ദുർബലമായ ഒരു ത്രോയിലൂടെ ഋഷഭിനെ റൺ ഒൗട്ടാക്കാൻ കഴിഞ്ഞു. 53 പന്തുകൾ നേരിട്ട ഋഷഭ് ഒാരോ ഫോറും സിക്സുമടക്കമാണ് 19 റൺസ് നേടിയത്.
ഋഷഭിന് പകരമെത്തിയ അശ്വിൻ (0) നേരിട്ട ആദ്യപന്തിൽ തന്നെ കൂടാരം കയറി. സൗത്തിയുടെ ബൗളിംഗിൽ ക്ളീൻ ബൗൾഡാവുകയായിരുന്നു. ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോററായ രഹാനെയും '(46) വൈകാതെ വീണു. സൗത്തിക്കായിരുന്നു വിക്കറ്റ്. 138 പന്തുകൾ നേരിട്ട രഹാനെ അഞ്ച് ബൗണ്ടറികൾ പായിച്ചു. പിന്നീട് ഇശാന്തിനെ (5) കൂട്ടുനിറുത്തി ഷമി (20 പന്തുകളിൽ മൂന്ന് ഫോറടക്കം 21) സ്കോർ ബോർഡ് 165 ലെത്തിച്ചു. ഇതേ സ്കോറിൽ ഇരുവരും മടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സിന് തിരശീല വീണു.
ക്യാപ്ടന്റെ ഇന്നിംഗ്സ്
മറുപടിക്കിറങ്ങിയ കിവീസിന് 11-ാം ഒാവറിൽ ലോം ലതാമിനെ (11) നഷ്ടമായി. ഇശാന്തിന്റെ പന്തിൽ കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുക്കുകയായിരുന്നു. തുടർന്നിറങ്ങിയ നായകൻ കേൻ വില്യംസണിന്റെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് തടസമായി മാറിയത്. രണ്ടാം വിക്കറ്റിൽ ബ്ളൻഡേലിനൊപ്പം 47 റൺസ് കൂട്ടിച്ചേർത്ത വില്യംസൺ ഫോമിലേക്ക് ഉയർന്നത് ടെയ്ലർ പങ്കാളിയായെത്തിയപ്പോഴാണ്. 27-ാം ഒാവറിൽ ഇശാന്ത് ബ്ളൻഡേലിനെ ബൗൾഡാക്കിയപ്പോഴെത്തിയ ടെയ്ലർ 71 പന്തുകളിൽ ആറുഫോറുകളും ഒരു സിക്സുമടിക്കുകയും ക്യാപ്ടനൊപ്പം 93 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു.
53-ാം ഒാവറിൽ ടെയ്‌ലറെ ഇശാന്ത് പുറത്താക്കിയതോടെയാണ് ഇന്ത്യയ്ക്ക് അല്പമെങ്കിലും ആശ്വാസമായത്. സെഞ്ച്വറിയിലേക്ക് കുതിച്ച വില്യംസണിനെ പത്തോവറിന് ശേഷം ഷമി മടക്കിഅയച്ചു. 153 പന്തുകൾ നേരിട്ട കിവീസ് നായകൻ 11 ബൗണ്ടറികൾ നേടിയിരുന്നു. കിവീസിന് ലീഡ് നേടിക്കൊടുത്തശേഷമാണ് നായകൻ തിരികെ നടന്നത്. തുടർന്ന് ഹെൻട്രി നിക്കോൾസിന്റെ വിക്കറ്റുമായി കിവീസിന് ഇന്നലെ നഷ്ടമായി.
ഇന്നലെ രാവിലെ തന്നെ അപകടകാരിയായ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ റൺ ഒൗട്ടാക്കാൻ കഴിഞ്ഞത് വളരെ നിർണായകമായി. രഹാനെയും ഋഷഭും കുറച്ചുനേരം കൂടി ക്രീസിലുണ്ടായിരുന്നുവെങ്കിൽ ഇന്ത്യ മികച്ച സ്കോറിലെത്തിയേനെ. എന്നാൽ ഞങ്ങൾക്ക് നന്നായി ബൗൾ ചെയ്യാനായത് മത്സരം വിജയിക്കാമെന്ന ആത്മവിശ്വാസം നൽകുന്നു.
ടിം സൗത്തി
കിവീസ് ബൗളർ
ന്യൂസിലൻഡിലേക്കുള്ള ദീർഘയാത്രയുടെ ക്ഷീണം കാരണം കഴിഞ്ഞ രണ്ടുദിവസമായി ശരിക്ക് ഉറങ്ങിയിട്ടില്ലായിരുന്നു. അതിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നിട്ടും ടീമിന് വേണ്ടി കളിക്കാനിറങ്ങിയതാണ്. ഞാൻ ഉദ്ദേശിച്ച രീതിയിൽ പന്തെറിയാൻ ക്ഷീണം കാരണം കഴിഞ്ഞില്ല. പരിക്കിൽനിന്ന് മോചിതനായി എത്തിയ ആദ്യ മത്സരത്തിൽ ഇതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമായിരുന്നു.
ഇശാന്ത് ശർമ്മ
ഇന്ത്യൻ ബൗളർ