തിരുവനന്തപുരം: പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജിൽചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ട് മണിക്കൂറുകൾക്കകം മൂർഖനെ പിടികൂടി. ഇന്നലെ രാവിലെ 11ഓടെ അരുവിക്കര കുഴിയിൽ വീട്ടിൽ എം.എം മിഥുനിന്റെ പറമ്പിൽ നിന്നാണ് വാവ സുരേഷ് പാമ്പിനെ പിടികൂടിയത്.പത്തിവിടർത്തി നിൽക്കുന്ന മൂർഖനെ ഇടതുകൈയിൽ പിടിച്ചു നിൽക്കുന്ന ചിത്രം സുരേഷ് തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ചികിത്സയ്ക്കു ശേഷം താൻ ആദ്യമായി പിടിച്ച മൂർഖനാണിതെന്നും തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി രേഖപ്പെടുത്തുന്നതായും വാവ സുരേഷ് പറഞ്ഞു. കഴിഞ്ഞാഴ്ചയാണ് അണലിയുടെ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.പത്തനംതിട്ടയിലെ ഒരു വീട്ടിലെ കിണറ്റിൽ നിന്ന് പിടിച്ച അണലിയാണ് വാവയെ കടിച്ചത്. പാമ്പ് കടിയേറ്റതിനെ തുടർന്ന് വാവ സുരേഷ് അത്യാസന്ന നിലയിലാണെന്നും, ഏതു നിമിഷവും ജീവന് അപകടം സംഭവിക്കാമെന്നുമുള്ള തരത്തിൽ ഓൺലൈൻ മാദ്ധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിനെതിരെ വാവ സുരേഷ് രംഗത്തെത്തിയിരുന്നു.