ബംഗളുരു : ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിലോടിയെന്ന അവകാശവാദവുമായി മംഗലാപുരത്തെ കന്നുപൂട്ടുകാരായ (കമ്പള മത്സരത്തിലെ ജോക്കി) ശ്രീനിവാസ ഗൗഡയും നിഷാന്ത് ഷെട്ടിയുമൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതിന് മുമ്പ് കമ്പളക്കളത്തിൽ നിന്ന് ഇന്റർനാഷണൽ അത്‌ലറ്റിക്സ് ട്രാക്കിലെത്തിയ ഒരു കർണാടകക്കാരനുണ്ട്. ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടെ മത്സരിച്ച ആനന്ദ് ഷെട്ടി.
2013 ൽ 52-ാം വയസിൽ ഒരു കാറപകടത്തിൽ അകാലത്തിൽ പൊലിഞ്ഞ ആനന്ദ് തന്റെ പിതാവിനൊപ്പം കമ്പള മത്സരങ്ങളിലെ ജോക്കിയായിരുന്നു. കന്നുകൾക്കൊപ്പം ശരവേഗത്തിലോടിയിരുന്ന ആനന്ദിനെ ട്രാക്കിലേക്ക് മാറ്റി പരിശീലനം നൽകിയപ്പോൾ അതേ ഗതിവേഗം ആർജിക്കാൻ കഴിഞ്ഞിരുന്നു. തന്റെ കായിക രംഗത്തെ നേട്ടം അത്‌ലറ്റിക്സിൽ മാത്രം ഒതുക്കാതെ കബഡിയിലും ആനന്ദ് കരുത്ത് കാട്ടിയിരുന്നു.
ശ്രീനിവാസ ഗൗഡയ്ക്ക് അത്‌ലറ്റിക്സ് ട്രാക്കിൽ കമ്പളയിലെ വേഗത്തിൽ ഒാടാൻ കഴിയുമോ എന്ന വാദങ്ങൾ കൊഴുക്കുമ്പോഴാണ് ആനന്ദ് ഷെട്ടിയുടെ കഥ പ്രചോദനമാകുന്നത്.
മംഗളുരുവിൽ നിന്ന് 40 കിലോമീറ്റർ അകലെ ഒരു കുഗ്രാമത്തിൽ ജനിച്ച ആനന്ദ് കമ്പള ജോക്കിയായിരുന്നു പിതാവിനൊപ്പം പല റേസുകളിലും വിജയിയായപ്പോഴാണ് അത്‌ലറ്റിക്സിൽ ഇറങ്ങിയത്. 1979 ൽ ദാവൺ ഗരെയിൽ നടന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 വിഭാഗത്തിൽ രണ്ടാംസ്ഥാനത്തെത്തിയ ശേഷം സംസ്ഥാന കളി ടീമിൽ രണ്ട് വർഷത്തോളം കളിച്ചു. 1981 ൽ കബഡി വിട്ട് കോച്ച് ജെ.എം. അപ്പാച്ചുവിന്റെ കീഴിൽ അത്‌ലറ്റിക്സ് പരിശീലനം പുനരാരംഭിച്ചതോടെയാണ് ഗതിമാറിയത്.
1981 മുതൽ 87 വരെ ആനന്ദ് അപ്പാച്ചുവിനൊപ്പം പരിശീലിച്ചു. കമ്പള മത്സരങ്ങളിൽ നിന്ന് ആർജിച്ച വേഗത ആനന്ദിൽ ഉണ്ടായിരുന്നത് തനിക്ക് ജോലി എളുപ്പമാക്കിയെന്ന് പരിശീലകൻ ഒാർമ്മിക്കുന്നു. 1982 ൽ കോഴിക്കോട്ട് നടന്ന ഇന്റർ സ്റ്റേറ്റിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയത് ആനന്ദ് ഷെട്ടിയായിരുന്നു. ഇതേ തുടർന്ന് ദേശീയ ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടി. പിന്നീട് ഏഷ്യൻ ഗെയിംസും സാഫ് ഗെയിംസും ഉൾപ്പെടെ നിരവധി മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
ശ്രീനിവാസ ഗൗഡയ്ക്കും സമാനമായ രീതിയിൽ അത്‌ലറ്റിക്സ് ട്രാക്കിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ബാംഗ്ളൂർ സായ്‌യിൽ ശ്രീനിവാസയെ സെലക്ഷൻ ട്രയൽസിന് വിളിച്ചുവരുത്തിയെങ്കിലും കമ്പള സീസൺ കഴിയട്ടെ എന്ന നിലപാടിലാണ് താരം. തനിക്ക് ട്രാക്കിൽ അത്ര വേഗത്തിൽ ഒാടാൻ കഴിയില്ലെന്ന് പറയുന്ന ശ്രീനിവാസ ഗൗഡ സെലക്ഷൻ ട്രയൽസിനോട് താത്പര്യം കാണിക്കുന്നില്ല.
ആനന്ദ് ഷെട്ടിയുടെ നേട്ടങ്ങൾ
. 1982 നും 89 നും ഇടയിൽ 100, 200 മീറ്ററുകളിൽ നിരവധി തവണ ദേശീയ ചാമ്പ്യൻ
. 1984 സാഫ് ഗെയിംസിൽ 200 മീറ്ററിൽ സ്വർണം
. 1987 സാഫ് ഗെയിംസിൽ 100 മീറ്റർ സ്വർണം
. 1982 ഡൽഹി ഏഷ്യൻ ഗെയിംസിൽ മത്സരിച്ചു.