avinashi-accident

തിരുവനന്തപുരം: അവിനാശിയിലെ വാഹനാപകടത്തിന് ഇടയാക്കിയത് ലോറി ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. അപകടത്തിന് ഇടയാക്കിയത് വാഹനത്തിന്റെ സാങ്കേതിക തകാർ അല്ലെന്ന് പാലക്കാട് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ പി. ശിവകുമാർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഡിവൈഡറിൽ ടയർ ഉരഞ്ഞതിന്റെ പാടുണ്ട്. ഇതിന് ശേഷമാണ് ഡിവൈഡർ മറികടന്ന് ലോറി മറുവശത്തെത്തിയത്. ഡ്രൈവർ ഉറങ്ങുകയോ,അലക്ഷ്യമായി ഓടിക്കുകയോ ചെയതതിനാലാണ് വാഹനം നിയന്ത്രണം തെറ്റി മറുവശത്തെത്തിയത്. ടയറുകൾ പൊട്ടിയത് ഇതിനു ശേഷമാണ്. ലോറിയിൽ നിന്ന് വേർപ്പെട്ട കണ്ടെയ്നർ ബോക്സ് ബസിന്റെ ഡ്രൈവർ സൈഡിലേക്ക് ഇടിച്ച് കയറി.കഴിഞ്ഞ ആഗസ്റ്റിൽ എറണാകുളത്ത് രജിസ്ട്രർ ചെയ്ത ലോറിക്ക് സാങ്കേതിക തകരാറുകൾ ഉള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല.
അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.നാഷണൽപെർമിറ്റ് ലോറികളിൽ രണ്ട് ഡ്രൈവർമാർ വേണം. ദേശീയപാതകളിൽ ലോറികൾ ഒതുക്കി ഇടാനുള്ള സൗകര്യവും ഡ്രൈവർമാർക്ക് വിശ്രമകേന്ദ്രങ്ങളും ഒരുക്കണം തുടങ്ങിയ നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്.