ഭുവനേശ്വർ : ചീറ്റിപ്പോയൊരു സീസണിലെ അവസാനത്തെ വെടിക്കെട്ടിന് എൽക്കോ ഷാറ്റോരി പരിശീലിപ്പിക്കുന്ന കേരള ബ്ളാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. ഇൗ മത്സരത്തിൽ ജയിച്ചാലും തോറ്റാലും സമനിലയിലായാലും ബ്ളാസ്റ്റേഴ്സിനെന്നപോലെ ഒഡീഷ എഫ്.സിക്കും ഒന്നും സംഭവിക്കാനില്ല. കാരണം ഇരുവരുടെയും സീസൺ ഇന്നത്തോടെ അവസാനിക്കും. പ്ളേ ഒാഫിലേക്കുള്ള ബർത്തുകൾ മികച്ച മറ്റ് നാലു ടീമുകൾ സ്വന്തമാക്കിക്കഴിഞ്ഞു.
ഇൗ സീസണിലെ 17 മത്സരങ്ങളിൽ നിന്ന് നാലുജയം മാത്രമാണ് എൽകോ ഷാറ്റോറിയുടെ കുട്ടികൾക്ക് നേടാനായത്. ആറ് കളികളിൽ സമനില വഴങ്ങിയപ്പോൾ തോറ്റത് ഏഴെണ്ണത്തിൽ 18 പോയിന്റുള്ള ബ്ളാസ്റ്റേഴ്സ് കഷ്ടിച്ചാണ് അവസാെ സ്ഥാനത്തുനിന്ന് കരകയറി ഏഴാമതെത്തിനിൽക്കുന്നത്.
ബ്ളാസ്റ്റേഴ്സിന് തൊട്ടുമുകളിലാണ് ഒഡിഷ എഫ്.സിയുടെ സ്ഥാനം. പക്ഷേ കേരളത്തിനേക്കാൾ മൂന്ന് മത്സരങ്ങൾ കൂടുതൽ ജയിച്ചു. തോൽവികൾ തുല്യവും. ഏഴ് വിജയവും മൂന്ന് സമനിലകളുമായി 24 പോയിന്റാണ് ജോസഫ് ഗോംപാംബു പരിശീലിപ്പിക്കുന്ന ഒഡിഷ എഫ്.സിക്കുള്ളത്.
ഇന്ന് രാത്രി 7.30 മുതൽ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.
പ്ളേ ഒാഫിലെത്തിയവർ
എഫ്.സി ഗോവ - 39 പോയിന്റ്
എ.ടി.കെ -33 പോയിന്റ്
ബംഗളുരു -29 പോയിന്റ്
ചെന്നൈയിൽ -28 പോയിന്റ്
0-0
നവംബർ രണ്ടിന് കൊച്ചിയിൽ നടന്ന ഹോം മത്സരത്തിൽ ബ്ളാസ്റ്റേഴ്സ് ഒഡിഷ എഫ്.സിയുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു.
ഇൗ സീസണിലെ 18-ാമത്തെ മത്സരമാണിന്ന് കളിക്കാൻ പോകുന്നത്. കഴിഞ്ഞ 17 മത്സരങ്ങളിൽ പ്ളേയിംഗ് ഇലവനിൽ എനിക്ക് മാറ്റങ്ങൾ വരുത്തേണ്ടിവന്നു. അതൊന്നും വേണമെന്ന് കരുതിയിട്ടില്ല. പരിക്കുകൾ കാരണം ഞാൻ നിർബന്ധിതനായതാണ്. ഇൗ സീസണിലെ പ്രകടനത്തിന്റെ മുഴുവൻ ചിത്രവും ഇൗ ടീം ചേയ്ഞ്ചുകളിലുണ്ട്. എൽക്കോ ഷാറ്റോരി