കോവളം: കഴക്കൂട്ടം - മുക്കോല ബൈപ്പാസ് കടന്നു പോകുന്ന കോവളം ജംഗ്ഷനിലെ തുറന്നുകിടക്കുന്ന ക്രോസിംഗ് അടയ്ക്കാനുള്ള ദേശീയപാത അധികൃതരുടെ നീക്കത്തിനെതിരെ ജനരോഷം ശക്തം. കോവളം ജംഗ്ഷനിലെ നാലുവരിപ്പാതയിൽനിന്ന് ആഴാകുളം വിഴിഞ്ഞം റോഡിലേക്കും, കോവളം ബീച്ചിലേക്കും പോകുന്നതുമടക്കം എട്ട് അനുബന്ധ റോഡുകളുടെ ക്രോസിംഗുകൾ മാർച്ച് അവസാനത്തോടെ അടയ്ക്കാനാണ് ബൈപാസ് അധികൃതരുടെ തീരുമാനം. ഇതിന് മുന്നോടിയായി ദേശീയപാത അതോറിട്ടിയുടെയും ട്രാഫിക്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കോവളം ജംഗ്ഷനിലെത്തി ഇതുവഴിയുള്ള വാഹനങ്ങളുടെ തിരക്കും എണ്ണവും പരിശോധിച്ചു കഴിഞ്ഞു. ക്രോസിംഗ് അടച്ചാൽ ഈഞ്ചയ്ക്കൽ ബൈപ്പാസ് കടന്ന് വാഴമുട്ടം വെള്ളാർ റോഡിലെത്തുന്ന വാഹനങ്ങൾക്ക് ഇനി സർവീസ് റോഡുകളിലൂടെ മാത്രമേ ആഴാകുളം വിഴിഞ്ഞം ഭാഗത്തേക്കും കോവളം ബീച്ചിലേക്കും പോകാനാകൂ. കോവളം ലൈറ്റ് ഹൗസ് അടക്കമുള്ള ഇടങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ ആഴാകുളം അടിപ്പാത കടന്ന് വലത്തോട്ടുള്ള സർവീസ് റോഡ് വഴി ഇടത്തേക്കു തിരിഞ്ഞാണ് കോവളത്തേക്ക് പോകേണ്ടതെന്നും ദേശീയപാത അധികൃതർ പറയുന്നു. വാഹനങ്ങളെ വഴിതിരിച്ചുവിടാൻ ഇവിടങ്ങളിൽ ദിശാബോർഡുകളും, ട്രാഫിക് നിയമങ്ങളുമായി ബന്ധപ്പെട്ട ബോർഡുകളും സ്ഥാപിക്കുവാനാണ് പദ്ധതി. കോവളം ജംഗ്ഷനിൽ നിന്ന് വിഴിഞ്ഞം കല്ലുവെട്ടാൻകുഴി വരെയുള്ള റോഡ് നിർമ്മാണം പൂർത്തീകരിച്ചെങ്കിലും തുറന്നു കൊടുക്കാനായിട്ടില്ല. ഈ പാതയിലെ അപ്രാച്ച്റോഡുകളുടെ നിർമാണവും പാലങ്ങളുടെ പണിയും പൂർത്തിയാക്കേണ്ടതുണ്ട്.
ഫുട്ഓവർ ബ്രിഡ്ജ് വേണം
കോവളം ജംഗ്ഷനിൽ നിന്ന് കെ.എസ് റോഡിലേക്ക് കയറുന്നതിന് ഫുട്ഓവർ ബ്രിഡ്ജ് വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്. ഫുട്ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെങ്കിൽ സ്ഥലമേറ്റെടുക്കേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. റോഡ് മുറിച്ചു കടക്കാൻ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് കോവളം ബീച്ച് റോഡ്, ഭാരതിയമ്മൻ റോഡ്, നെടുമം റോഡ് എന്നിവിടങ്ങളിലെ കാൽനടയാത്രക്കാരാണ്. ഇവർക്ക് വിഴിഞ്ഞം ഭാഗത്തേക്ക് പോകുന്ന ബസിൽ കയറണമെങ്കിൽ കിലോമീറ്ററോളം സഞ്ചരിച്ച് വേണം അഴാകുളം അണ്ടർ പാസ് വഴി കോവളം ജംഗ്ഷനിലെത്താൻ. ഇതേ സ്ഥിതിയാണ് കെ.എസ് റോഡ്, ചെറുകോണം ഭാഗത്തു താമസിക്കുന്നവർക്കും.
നിരവധി ഇടറോഡുകൾ സംഗമിക്കുന്ന കോവളം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച് ഗതാഗതം സുഗമമാക്കണം. അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ കോവളം പോലുള്ള പ്രധാന ജംഗ്ഷനിൽ ക്രോസിംഗ് അടയ്ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. തിരക്കുള്ള ജംഗ്ഷനിൽ നാളിതുവരെ അപകട മരണങ്ങൾ ഉണ്ടായിട്ടില്ല.
നെടുമം മോഹനൻ,
നഗരസഭ കൗൺസിലർ
ഫോട്ടോ-
കോവളം ജംഗ്ഷൻ