ജോഹന്നാസ് ബർഗ് : ഹാട്രിക് ഉൾപ്പെടെ അഞ്ചുവിക്കറ്റുകൾ നേടിയ ഇടംകയ്യൻ സ്പിന്നർ അഷ്‌ടൺ ആഗറിന്റെ മികവിൽ ആദ്യ ട്വന്റി 20 യിൽ 107 റൺസിന് ദക്ഷിണാഫ്രിക്കയെ കീഴടക്കി ആസ്ട്രേലിയ.

കഴിഞ്ഞ രാത്രി ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ 196/6 എന്ന സ്കോർ ഉയർത്തിയപ്പോൾ ദക്ഷിണാഫ്രിക്ക 143 ഒാവറിൽ 89 റൺസിന് ആൾ ഒൗട്ടാവുകയായിരുന്നു.

ആരോൺ ഫിഞ്ച് (42), സ്റ്റീവൻ സ്മിത്ത് (45) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഒാസീസ് 196 ലെളിയത്. ‌

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഡുപ്ളെസി (24), പെഹ്‌‌ലുക്ക് വായോ (0), സ്റ്റെയ്ൻ (0), എന്നിവരെ എട്ടാം ഒാവറിൽ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയാണ് ആഷ്‌ടൺ ഹാട്രിക് തികച്ചത്. കമ്മിൻസും സാംപയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മൂന്ന് മത്സര പരമ്പരയിൽ ഒാസീസ് ഇതോടെ 1-0 ത്തിന് മുന്നിലെത്തി. രണ്ടാം ട്വന്റി 20 ഇന്ന് പോർട്ട് എലിസബത്തിൽ നടക്കും.

ടോട്ടൻ ഹാമിനെ വീഴ്ത്തി ചെൽസി

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന കരുത്തന്മാരുടെ പോരാട്ടത്തിൽ ചെൽസി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ടോട്ടൻ ഹാമിനെ കീഴടക്കി 15-ാം മിനിട്ടിൽ ഒളിവർ ജിറൂദും 48-ാം മിനിട്ടിൽ മാർക്കസ് അലോൻ സോയുമാണ് ചെൽസിക്ക് വേണ്ടി സ്കോർ ചെയ്തത്. 89-ാം മിനിട്ടിൽ ചെൽസി താരം റൂഡിഗറുടെ സെൽഫ് ഗോളാണ് ടോട്ടൻ ഹാമിന് ആശ്വാസമായത്.

കഴിഞ്ഞ രണ്ടുദിവസത്തിനിടയിലെ ടോട്ടൻഹാമിന്റെ രണ്ടാം പരാജയമാണിത്. കഴിഞ്ഞദിവസം ന‌ടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഹൊസെ മൗറീന്യോ പരിശീലിപ്പിക്കുന്ന ടോട്ടൻ ഹാം ഏകപക്ഷീയമായ ഒരു ഗോളിന് ആർ.ബി. ലെയ്‌പിസിഗിനോട് തോറ്റിരുന്നു.

ഇൗ വിജയത്തോടെ ചെൽസിക്ക് പ്രിമിയർ ലീഗിൽ 27 മത്സരങ്ങളിൽനിന്ന് 44 പോയിന്റായി. പട്ടികയിൽ നാലാംസ്ഥാനത്താണ് ചെൽസി. 40 പോയിന്റുള്ള ടോട്ടൻ ഹാം അഞ്ചാം സ്ഥാനത്തും 26 മത്സരങ്ങളിൽ നിന്ന് 76 പോയിന്റുള്ള ലിവർപൂളാണ് ഒന്നാംസ്ഥാനത്ത്. മാഞ്ചസ്റ്റർ സിറ്റി (54 പോയിന്റ്), ലെസ്റ്റർ സിറ്റി (50) എന്നിവരാണ് രണ്ടുംമൂന്നും സ്ഥാനങ്ങളിൽ.