കൊറോണ ഭീതിയിൽ ടോക്കിയോ ഒളിമ്പിക്സിന്റെ
വോളണ്ടിയർ പരിശീലനം മാറ്റിവച്ചു
ടോക്കിയോ : ചൈനയിൽനിന്ന് പകരുന്ന കൊറോണ വൈറസ് ഇൗവർഷം ഒളിമ്പിക്സിന് വേദിയാകുന്ന ജപ്പാനിലെ ടോക്കിയോയ്ക്ക് ഭീഷണിയായി മാറുന്നു. ജപ്പാനിലെ കൊറോണ വ്യാപനം തടയാനുള്ള ശ്രമങ്ങൾ തുടരുമ്പോൾ ഇന്നലെ തുടങ്ങാനിരുന്ന ഒളിമ്പിക്സിന്റെ ആർമി വോളണ്ടിയർമാരുടെ പരിശീലനം മാറ്റിവയ്ക്കാൻ സംഘാടകർ നിർബന്ധിതരായി.
കഴിഞ്ഞമാസം കൊറോണ വൈറസ് ഒളിമ്പിക്സിനെ കാര്യമായി ബാധിച്ചേക്കുമെന്ന് ടോക്കിയോ ഗെയിംസിന്റെ സി.ഇ.ഒ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇത് ലോകം മുഴുവൻ ഭീതി പരത്തിയതോടെ ഗെയിംസ് മാറ്റേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് സംഘാടകർക്ക് പത്രസമ്മേളനം നടത്തി വ്യക്തമാക്കേണ്ടിവന്നു. ഇപ്പോഴും ഗെയിംസ് മാറ്റിവയ്ക്കില്ല എന്നുതന്നെയാണ് സംഘാടകർ പറയുന്നതെങ്കിലും വൈറസ് വ്യാപനത്തിനിടെ ഗെയിംസിന്റെ മൂന്നൊരുക്കങ്ങൾ നടത്താൻ കഴിയാത്ത സ്ഥിതിയാണ്.
ജൂലായ് 24 നാണ് ടോക്കിയോയിൽ ഒളിമ്പിക്സ് ഗെയിംസ് തുടങ്ങേണ്ടത്. ഗെയിംസിന്റെ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ചൈനയിൽ നിന്ന് ജപ്പാനിലേക്ക് കൊറോണ എത്തിയത്. ഇതോടെ ചൈനയിലും ജപ്പാനിലുമായി നടക്കേണ്ട ഒളിമ്പിക് യോഗ്യതാ ടൂർണമെന്റുകൾ പലതും മാറ്റിവച്ചിരിക്കുകയാണ്. ഒളിമ്പിക്സ് തുടങ്ങുമുമ്പ് ഇവ നടത്തിയെടുക്കുകയാണ് വലിയ വെല്ലുവിളി.
അതേസമയം ഗെയിംസ് വേദി ടോക്കിയയിൽ നിന്ന് മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഗെയിംസ് വേദിയാകാൻ അടിയന്തരഘട്ടത്തിൽ തങ്ങൾ ഒരുക്കമാണെന്ന് ബ്രിട്ടീഷ് മേയർ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളിലൊരാൾ പ്രഖ്യാപിച്ചത് ടോക്കിയോ സംഘാടകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. അങ്ങനെയൊക്കെ തീരുമാനിക്കാൻ ഇനിയുമേറെ സമയമുണ്ടെന്നും രോഗം കാരണം ടോക്കിയോയിൽനിന്ന് ഗെയിംസ് മാറ്റേണ്ടിവരില്ലെന്നും ഒളിമ്പിക്സ് വില്ലേജ് ഗവർണർ കോയ്‌കെ പറഞ്ഞു.
100
പേർക്കാണ് ജപ്പാനിൽ കൊറോണ രോഗം ബാധിച്ചത്.
3
പേർ രോഗം മൂലം മരിച്ചു
600
പേർ ജപ്പാന് സമീപം കടലിൽ നങ്കൂരമിട്ടിരിക്കുന്ന ക്രൂയ്സ് ഷിപ്പിൽ രോഗ ബാധിതരായി കഴിയുന്നു.
ടോക്കിയോ ഒളിമ്പിക്സ് മാറ്റിവയ്ക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. ഞങ്ങളും ടോക്കിയോ സംഘാടക സമിതിയും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി വരികയാണ്.
ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി
ടോക്കിയോ ഒളിമ്പിക്സ് മാറ്റിവയ്ക്കേണ്ടിവരുമെന്ന നിലയിൽ വ്യാജവാർത്തകൾ വൈറസിനേക്കാൾ വേഗത്തിൽ പരക്കുകയാണ്. ഇത് ശരിയല്ല.
ടോക്കിയോ സംഘാടക സമിതി.
മുൻ കരുതലുകൾ
മാർച്ച് ഒന്നിന് നടക്കുന്ന ടോക്കിയോ മാരത്തോണിൽ പ്രധാന അത്‌ലറ്റുകളെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്ന് തീരുമാനിച്ചിരിക്കുകയാണ്.
പാരാലിസിക്സിന്റെ ടെസ്റ്റ് ഇവന്റിൽ അന്താരാഷ്ട്ര താരങ്ങളെ പങ്കെടുപ്പിക്കേണ്ടെന്ന് നിർദ്ദേശം നൽകി.