ലണ്ടൻ : ഇംഗ്ളീഷ് ലീഗ് ഫുട്ബാളിൽ തന്റെ 500-ാം മത്സരം ഗോളോടെ ആഘോഷിച്ചു. മുൻ സൂപ്പർ സ്റ്റാർ വെയ്ൻറൂണി. ലീഗ് ചാമ്പ്യൻഷിപ്പിൽ ഫുൾ ഹാമിനെതിരെയായിരുന്നു ഡർബി കൗണ്ടിക്ക് വേണ്ടി കളിക്കുന്ന റൂണിയുടെ അഞ്ഞൂറാം മത്സരം. പെനാൽറ്റിയിൽ നിന്നാണ് 34 കാരനായ റൂണി സ്കോർ ചെയ്തത്.
രവികുമാറിന് സ്വർണം
ന്യൂഡൽഹി : ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ 58 കി. ഗ്രാം ഫൈനലിൽ രാജികിസ്ഥാന്റെ ഹിക്മത്തുള്ളയെ കീഴടക്കിയ ഇന്ത്യൻ താരം രവികുമാറിന് സ്വർണം ലഭിച്ചു. 10-0ത്തിനായിരുന്നു രവികുമാറിന്റെ വിജയം.
ഫൈനലിൽ ജപ്പാന്റെ തക്കുട്ടോ ഒട്ടോഗുറോയോട് തോറ്റ ഇന്ത്യൻ താരം ബജ്റംഗ് പുനിയയ്ക്ക് വെള്ളിമെഡൽ ലഭിച്ചു. 79 കി.ഗ്രാം വിഭാഗത്തിൽ ഗൗരവ് ബാലിയനും വെള്ളി നേടി.
ലോകകപ്പ്: വിൻഡീസ്
വനിതകൾക്ക് ജയം
പെർത്ത് : വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ വെസ്റ്റ് ഇൻഡീസ് ഏഴ് വിക്കറ്റിന് തായ്ലാൻഡിനെയും ന്യൂസിലൻഡ് ഇതേ മാർജിനിൽ ശ്രീലങ്കയെയും തോൽപ്പിച്ചു. ഇന്ന് ഇംഗ്ളണ്ട് ദക്ഷിണാഫ്രിക്കയെയും ശ്രീലങ്ക ആസ്ട്രേലിയയെയും നേരിടും. നാളെ ബംഗ്ളാദേശുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ശ്രീലങ്കയ്ക്ക് ജയം
കൊളംബോ : പര്യടനത്തിനെത്തിയ വിൻഡീസിനെ ആദ്യ ഏകദിനത്തിൽ ശ്രീലങ്ക ഒരുവിക്കറ്റിന് തോൽപ്പിച്ചു. വിൻഡീസ് ഉയർത്തിയ 289/7 എന്ന സ്കോർ അഞ്ച് പന്ത് ബാക്കിനിൽക്കെയാണ് ലങ്ക മറികടന്നത്.