തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ബൈക്കിൽ നിന്നും പെട്രോൾ ചോർത്തുകയും ഹെൽമറ്റുകൾ മോഷ്ടിക്കുകയും ചെയ്‌ത കേസിൽ സി.സി ടി.വി ദൃശ്യങ്ങൾ കന്റോൺമെന്റ് പൊലീസ് പരിശോധിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്നാണ് പൊലീസ് നൽകുന്ന വിവരം. ഞായറാഴ്ച പുലർച്ചെ 1.30ഓടെയാണ് സംഭവം. യൂണിവേഴ്‌സിറ്റി കോളേജിൽ കഴിഞ്ഞ വർഷമുണ്ടായ സംഘർഷങ്ങളെ തുടർന്ന് ഏർപ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ട് ഹെൽമറ്റുകളും ആറ് വാഹനങ്ങളിലെ പെട്രോളുമാണ് നഷ്ടപ്പെട്ടത്. 10 പൊലീസുകാരാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. കഴിഞ്ഞ ദിവസം വൈകിട്ട് മണക്കാടിന് സമീപം നടന്ന പ്രതിഷേധത്തെ തുടർന്ന് കോളേജിന് മുന്നിലുണ്ടായിരുന്ന പൊലീസുകാരെക്കൂടി ഇങ്ങോട്ടേക്ക് നിയോഗിച്ചിരുന്നു. പുലർച്ചെ 2.30ഓടെ മടങ്ങിയെത്തിയപ്പോഴാണ് ഹെൽമറ്റ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. പെട്രോൾ മോഷ്ടിക്കുന്നതായി ചിലർ കൺട്രോൾ റൂമിൽ വിവരം അറിയിച്ചിരുന്നു. കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും രണ്ടുപേർ ഓടി രക്ഷപ്പെടുകയായിരുന്നു.