കുഴിത്തുറ: കന്യാകുമാരി കുളച്ചൽ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിലെ കുഭമാസ കൊട മഹോത്സവം മാർച്ച് 1ന് ആരംഭിക്കും. രാവിലെ 7.30ന് തൃക്കൊടിയേറ്റ്. തുടർന്ന് ഹൈന്ദവ സേവാ സംഘത്തിന്റെ മതസമ്മേളന പന്തലിൽ 83-ാമത് സമ്മേളനത്തിന് കൊടിയേറും. തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ പങ്കെടുക്കും. വൈകിട്ട് 4ന് ശ്രീ രാജരാജേശ്വരി പൂജയും 9000 വിളക്ക് പൂജയും നടക്കും. തുടർന്ന് ഉത്സവ ദിവസങ്ങളിൽ രാവിലെ വിശേഷ പൂജകളും അഭിഷേകങ്ങളും നടക്കും. 3 മുതൽ 9വരെ രാവിലെയും രാത്രി 9.30നും ദേവി വെള്ളി പല്ലക്കിൽ എഴുന്നള്ളും. മാർച്ച് 6ന് രാത്രി 12ന് ഉത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ വലിയ പടുക്ക സമർപ്പണം നടക്കും. 9ന് രാത്രി 9.30ന് വലിയ തീവെട്ടി എഴുന്നള്ളത്ത്. 10ന് പുലർച്ചെ ശാസ്താ ക്ഷേത്രത്തിൽ നിന്ന് കളഭ ഘോഷയാത്ര തുടർന്ന് കുത്തിയോട്ട നേർച്ച. രാത്രി 9.30ന് ദേവി എഴുന്നള്ളത്ത്. രാത്രി 12ന് ഒടുക്ക് പൂജയ്ക്കുള്ള പദാർത്ഥങ്ങൾ പാരമ്പര്യ ആചാര പ്രകാരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. പുലർച്ചെ ഒന്നിന് ഒടുക്ക് പൂജ. ഉത്സവത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഉത്സവ ദിവസങ്ങളിൽ കേരള-തമിഴ്നാട് ട്രാൻസ്പോർട്ടുകൾ പ്രത്യേക ബസ് സർവീസുകളും നടത്തും.