തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പ് ജീവനക്കാരുടെ മിനിമം വേതനം പുതുക്കി തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.
പുതുക്കിയ നിരക്കുകൾ പ്രകാരം എ വിഭാഗത്തിൽപ്പെടുന്ന മാനേജർ തസ്തികയിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന വേതനം ഇനി 13,740 രൂപയായിരിക്കും. ബി വിഭാഗത്തിൽപ്പെടുന്ന അക്കൗണ്ടന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ, ക്ലാർക്ക്, ബിൽ കളക്ടർ, കാഷ്യർകം ബിൽ കളക്ടർ എന്നീ തസ്തികകളിലുള്ളവർക്ക് 13,300 രൂപ അടിസ്ഥാന വേതനമായി ലഭിക്കും. ഇന്ധനം നിറച്ചു കൊടുക്കുന്ന ആൾ, സെയിൽസ്മാൻ, സർവീസ്‌മാൻ, സർവീസ്‌മാൻ കം കാഷ്യർ തസ്തികകൾ ഉൾപ്പെടുന്ന സി വിഭാഗത്തിലും 13,300 രൂപ മിനിമം വേതനം ലഭിക്കും. ഡി വിഭാഗം തസ്തികകളായ ടയർ എയർമാൻ, അറ്റൻഡർ, പ്യൂൺ, ഹെൽപ്പർ, വാച്ച്മാൻ, സെക്യൂരിറ്റി ജീവനക്കാരൻ എന്നിവർക്ക് 12,450 രൂപയും ഇ വിഭാഗത്തിൽപ്പെടുന്ന ക്ലീനർ, സ്വീപ്പർ തസ്തികകളിൽ 12,340 രൂപയും മിനിമം വേതനമായി ലഭിക്കും. മുനിസിപ്പൽ, കോർപ്പറേഷൻ പരിധിയിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് പ്രതിമാസം 150 രൂപ പ്രത്യേക വേതനമായി അടിസ്ഥാന വേതനത്തിൽ ഉൾപ്പെടുത്തും. ഒരു തൊഴിലുടമയ്ക്കു കീഴിലോ സ്ഥാപനത്തിലോ അഞ്ചു മുതൽ പത്തു വർഷം വരെയുള്ള സേവന കാലയളവിന് അടിസ്ഥാന വേതനത്തിന്റെ അഞ്ചു ശതമാനം സർവീസ് വെയിറ്റേജ് ലഭിക്കും. പത്തുവർഷം മുതൽ 15 വർഷം വരെ സർവീസുള്ളവർക്ക് അടിസ്ഥാന വേതനത്തിന്റെ 10 ശതമാനവും പതിനഞ്ചു വർഷമോ അതിൽ കൂടുതലോ സേവന കാലയളവിന് 15 ശതമാനവും സർവീസ് വെയിറ്റേജ് ലഭിക്കും.