1

പൂവാർ: കോവളം കാരോട് ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി തിരുപുറം മണ്ണക്കല്ലിലെ നെയ്യാറ്റിൻകര പൂവാർ റോഡിലൂടെയുള്ള വാഹന ഗതാഗതം വഴി തിരിച്ച് വിട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. 2018-ൽ തുടങ്ങിയ അണ്ടർ ഗ്രൗണ്ട് ബ്രിഡ്ജിന്റെ നിർമ്മാണത്തിനായി ആരംഭിച്ച സമാന്തര റോഡാകട്ടെ മരണ കെണിയായും തുടരുന്നു. പൊട്ടിപൊളിഞ്ഞ്, കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ അപകടം പതിവായിട്ടും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ അധികൃതർ തയാറായിട്ടില്ലന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ നിരവധി ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ മണ്ണക്കല്ലിൽ അണ്ടർ ഗ്രൗണ്ട് ബ്രിഡ്ജിന്റെ പണി ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. എന്നാൽ പുതിയ ബ്രിഡ്ജ് റോഡ് വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാത്തത് നാട്ടുകാർക്കിടയിൽ ഇതിനോടകം പ്രതിഷേധങ്ങൾക്ക് ഇടയാക്കി.
സമീപ റോഡായ കാഞ്ഞിരംകുളം പ്ലാവിളയിൽ അണ്ടർ ഗ്രൗണ്ട് ബ്രിഡ്ജിന്റെ പണി ഇതുവരെ തുടങ്ങിയിട്ടില്ല. ഇതിനായി കാത്തിരംകുളം പഞ്ചായത്ത് ഹൈസ്കൂൾ റോഡായ പി.ഡബ്ല്യൂ.ഡി റോഡ് മുറിക്കേണ്ടി വരും. ഇതിനെതിരെ ബൈപ്പാസ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇപ്പോഴും പ്രക്ഷോഭം ശക്തമായി തുടരുകയുമാണ്. നാഷണൽ ഹൈവേ അതോറിട്ടിയുടെ റൂൾസ് പ്രകാരം ഹൈവേയുടെ നിർമ്മാണ പ്രവർത്തനം നടത്തുമ്പോൾ നിലവിലെ ഗതാഗതത്തിന് തടസ്സങ്ങളും സൃഷ്ടിക്കാൻ പാടില്ല. എന്നാൽ ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് ബൈപ്പാസ് നിർമ്മാണം ഇപ്പോഴും തുടരുന്നത്.

പുത്തൻകട -പുറുത്തിവിളയിൽ റോഡ് ക്രോസ്സിംഗ് വരുന്നതിനാൽ ഓവർ ബ്രിഡ്ജ് വേണമെന്നായിരുന്നു ആദ്യ തീരുമാനം.എന്നാലത് പുറുത്തിവിളയിൽ ജംഗ്‌ഷൻ സ്ഥാപിച്ച് യൂടേൺ സംവിധാനം ഏർപ്പെടുത്തുകയാണ്. ഇതിനായി 45 മീറ്ററിൽ നിന്ന് 47 മീറ്ററായി സ്ഥലത്തിന്റെ വീതി മാറും. 2 മീറ്റർ അധിക സ്ഥലം കണ്ടെത്തുന്ന ജോലികൾ ഇപ്പോൾ നടന്നു വരുന്നതേയുള്ളു. ഇതു മൂലം പഴയ കടയിൽ നിന്നും കാഞ്ഞിരംകുളത്തേയ്ക്കുള്ള ഗതാഗതവും താറുമാറായി. മരപ്പാലം വേങ്ങപൊറ്റയിലെ ഓവർ ബ്രിഡ്ജ് മാത്രമാണ് ഇവിടങ്ങളിൽ പൂർത്തിയായിട്ടുള്ളത്. എങ്കിലും സമീപ റോഡുകളുടെ സ്ഥിതി ദുഷ്ക്കരം തന്നെയാണ്.
ബൈപ്പാസ് നിർമ്മാണം യാഥാർത്ഥ്യമാക്കാൻ റോഡുകൾ, ഓവർ ബ്രിഡ്ജ്, അണ്ടർ ഗ്രൗണ്ട് ബ്രിഡ്ജ് തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തികൾക്കായി നിലവിലെ റോഡുകളെയാണ് ആശ്രയിക്കുന്നത്. ഭാരം കൂടിയ വാഹനങ്ങൾ അമിതമായി സഞ്ചരിക്കുന്നതുകൊണ്ടാണ് റോഡുകൾ ഇത്ര പെട്ടന്ന് തകരാൻ കാരണമാകുന്നതെന്നാണ് സാങ്കേതിക വിദക്തർ പറയുന്നത്.