feb23b
കുഞ്ഞു ശങ്കരൻ ഭാഗവതർക്കൊപ്പം അനുഭവങ്ങൾ പങ്കിടാൻ ലേഖകൻ എത്തിയപ്പോൾ( ഫയർ ചിത്രം)​.

ആറ്റിങ്ങൽ: ഇന്നായിരുന്നെങ്കിൽ കുഞ്ഞുശങ്കരൻ ഭാഗവതരെ സംഗീതലോകം സൂപ്പർ സ്റ്റാർ എന്നു വിളിച്ചേനെ. ഗായകൻ, റേഡിയോ സ്റ്റാർ, ശിഷ്യരുടെ ആരാധനാപാത്രമായ അദ്ധ്യാപകൻ, ആയിരക്കണക്കിന് കുട്ടികൾക്ക് സംഗീതം പകർന്ന ഗുരുഭൂതൻ... നൂറ്റാണ്ടുകാലം നിറഞ്ഞുജീവിച്ച കുഞ്ഞുശങ്കരൻ ഭാഗവതരുടെ വിയോഗത്തോടെ അസ്തമിച്ചത് സംഗീത നാടകരംഗത്തെ ഒരു കാലമാണ്.

ആറ്റിങ്ങൽ കോരാണി കൈലാത്തുകോണം വിളയിൽ വീട്ടിൽ മാതേവന്റെയും ഭവാനിയുടെയും ഒൻപത് മക്കളിൽ മൂത്തയാളായ കുഞ്ഞുശങ്കരന്റെ ബാല്യം പട്ടണിയിൽ നീറിയതായിരുന്നു. നെയ്ത്തു തൊഴിലാളിയായിരുന്ന അച്ഛന്റെ തുച്ഛവരുമാനം വീട്ടുചെലവുകൾക്കു പോലും തികയാതിരിക്കെ, സംഗീതവാസനയ്ക്ക് അഭ്യസനത്തിന്റെ ബലം നൽകാൻ കഴിയാതെ അദ്ദേഹം വിഷമിച്ചു.

ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിന്റെ രജത ജൂബിലി ആഘോഷവേള. സർ സി.പി. രാമസ്വാമി അയ്യരാണ് അദ്ധ്യക്ഷൻ. വേദിയിൽ പാടാനെത്തിയ കുഞ്ഞുശങ്കരന്റെ പാട്ടിൽ ആകൃഷ്ടനായ സർ സി.പി ഒരു നാണയത്തുട്ട് സമ്മാനിച്ചതോടെ

സുഹൃത്തുക്കൾക്കും അദ്ധ്യാപകർക്കുമിടയിൽ ശങ്കരനു കിട്ടിയത് ആസ്ഥാനഗായക പരിവേഷം.

സംഗീതം തലയ്ക്കു പിടിച്ച് ഇതുപതാം വയസ്സിൽ നാടുവിട്ട കുഞ്ഞുശങ്കരൻ ചെന്നെത്തിയത് മദിരാശിയിൽ. പല സംഗീതജ്ഞരെയും ചെന്നു കണ്ടു. കൂട്ടത്തിൽ മൃദംഗവാദനത്തിൽ സിലോൺ മന്ത്രിയുടെ പൊന്നാട വാങ്ങിയ കൊളമ്പൻ എന്ന പേരിലറിയപ്പെട്ടിരുന്ന വി.എൻ.കുഞ്ഞുകൃഷ്ണനെയും. അദ്ദേഹം വഴിയാണ് കുഞ്ഞുശങ്കരൻ സിലോൺ റേഡിയോ സ്റ്റാർ ആയത്. അച്ഛന്റെ മരണവാർത്തയറിഞ്ഞ് നാട്ടിലെത്തിയ അദ്ദേഹം പിന്നെ സിലോണിലേക്ക് മടങ്ങിയില്ല.

കേരളത്തിലെ സംഗീത നാടകങ്ങളുടെ അരങ്ങിലേക്കായിരുന്നു കുഞ്ഞുശങ്കരന്റെ പ്രവേശം. ഉച്ചഭാഷിണി ഇല്ലാതിരുന്ന കാലത്ത് വേദിയിൽ ഉറക്കെ പാടിയെത്തുന്ന നായക ഗായകനായി കുഞ്ഞുശങ്കരൻ അരങ്ങു വാണു. സി.കെ.രാജൻ, മാവേലിക്കര പൊന്നമ്മ, ചേർത്തല മീന, അടൂർ പങ്കജം തുടങ്ങിയവരായിരുന്നു സഹയാത്രികർ.സംഗീതത്തോളം തന്നെ ആഭിമുഖ്യം അക്കാലത്ത് ഭാഗവതർക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും ഉണ്ടായിരുന്നു. സഹപാഠിയായിരുന്ന ആർ.പ്രകാശം ചെലുത്തിയ സ്വാധീനമായിരുന്നു അത്. കച്ചേരികളുടെ ഇsവേളകളിൽ വിപ്ലവഗാനങ്ങൾ കൂടി പാടാൻ തുടങ്ങിയതോടെ ഭാഗവതർ പൊലീസിന്റെ നോട്ടപ്പുള്ളിയായി. അറസ്റ്റ് ഭയന്ന് ഏറെനാൾ ഒളിവിൽ കഴിയുകയും ചെയ്തു.

കർണാടക സംഗീതത്തിലെ അതികായൻ എസ് .സുബ്ബയ്യയ്ക്കൊപ്പം വേദി പങ്കിടാൻ അവസരം കിട്ടിയത് അതിനിടെയാണ്. . അതൊരു മത്സരമാണെന്ന് അറിയാതെയാണ് കുഞ്ഞുശങ്കരൻ മാനസഗുരുവുമായി കച്ചേരിക്കു തയ്യാറായത്. ഫലം വന്നപ്പോൾ ഒന്നാം സമ്മാനം കുഞ്ഞുശങ്കരന്. സമ്മാനമായി കിട്ടിയ ഒരു പവൻ സുബ്ബയ്യയുടെ കാൽക്കൽ വച്ചു നമസ്കരിച്ച് അദ്ദേഹം അരങ്ങിൽ നിന്ന് വിടവാങ്ങുകയായിരുന്നു. മുപ്പത്തൊൻപതാം വയസിൽ ചിറയിൻകീഴ് ശാരദാ വിലാസം സ്കൂളിൽ മലയാളം അദ്ധ്യാപകനായതിനു ശേഷവും കച്ചേരികൾ വിട്ടില്ല, ഭാഗവതർ. കുറച്ചുമാസം മുൻപു വരെയും ഓർമ്മകൾക്കു നല്ല തെളിച്ചമുണ്ടായിരുന്ന ഭാഗവതർ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ രാഗതാരമായി ശോഭിക്കും.