വർക്കല: വർക്കലയെ സാംസ്‌കാരിക കേന്ദ്രവും അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രവുമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ രൂപകല്പന ചെയ്‌ത സെന്റർ ഫോർ പെർഫോമിംഗ് ആർട്സിന്റെ മിനുക്ക്പണികൾ അന്തിമഘട്ടത്തിൽ. ഫിനിഷിംഗ് വർക്കിനായി സംസ്ഥാന സർക്കാർ ഒന്നരക്കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. സെന്ററിന്റെ നിർമ്മാണ പ്രവർത്തനത്തിനായി കേന്ദ്ര സർക്കാർ നേരത്തെ മൂന്ന് കോടി രൂപയും സംസ്ഥാന സർക്കാർ മൂന്നരക്കോടി രൂപയും അനുവദിച്ചിരുന്നു. വർക്കല ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെ രണ്ടര ഏക്കർ സ്ഥത്താണ് കേന്ദ്രം. പൊതുമേഖലയിൽ ഇത്തരത്തിലൊരു സംരംഭം ഇന്ത്യയിൽ ആദ്യമാണ്. സിംഗപ്പൂരിലെ അസോസിയേഷൻ ഓഫ് ഏഷ്യാ പസഫിക് പെർഫോമിംഗ് ആർസ് സെന്ററുമായി സഹകരിച്ച് കേരളത്തിലെ കലാരൂപങ്ങളെ ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനും ടൂറിസ്റ്റുകളെയും ഗവേഷണ വിദ്യാർത്ഥികളെയും ആകർഷിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. വർക്കലയുടെ സമഗ്ര വികസനത്തിനായി രൂപീകരിച്ച വിഷൻ വർക്കല ഇൻഫ്രാ സ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ (വിവിഡ്) നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലൈഫ് കെയർ ലിമിറ്റഡിനാണ് (എച്ച്.എ.എൽ) നിർമ്മാണച്ചുമതല. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് പ്രധാന ഉപദേഷ്ടാവ്. അഡ്വ. വി. ജോയി എം.എൽ.എ, വിവിഡ് കോർപ്പറേഷൻ എം.ഡി വി. രാമചന്ദ്രൻപോറ്റി എന്നിവർ കേന്ദ്രത്തിലെത്തി നിർമ്മാണ പുരോഗതി വിലയിരുത്തി.
സ്ഥലപരിധി: 13000 ചതുരശ്ര അടി
കെട്ടിട സമുച്ചയം: 7000ചതുരശ്ര അടി
ചെലവ്: 10 കോടി
കെട്ടിടങ്ങൾക്ക് മാത്രം ചെലവ് : 8.9 കോടി
സെന്ററിൽ ഒരുക്കുന്നത്
--------------------------------------------
കൂത്തമ്പലം തീം നൈറ്റ്സ്
കലാപഠനകേന്ദ്രം കൺവെൻഷൻ സെന്റർ
ഓഡിറ്റോറിയം സ്വിമ്മിംഗ്പൂൾ
ആംഫി തിയേറ്റർ ആയുർവേദ ചികിത്സാ കേന്ദ്രം
ഓർഗാനിക് ഗാർഡൻ ഫെസിലിറ്രേഷൻ സെന്റർ
കളരിത്തറ പെർഫോമൻസ് ഹാൾ
സംസ്ഥാന സർക്കാാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉദ്ഘാടനം നടത്താനാണ് തീരുമാനം.
അവസാനഘട്ട പണികൾ പുരോഗമിക്കുകയാണ്.
അഡ്വ. വി. ജോയി എം.എൽ.എ
രാജ്യത്തിനു തന്നെ അഭിമാനമാകുന്ന രംഗകലാകേന്ദ്രം പ്രവർത്തന സജ്ജമാക്കുന്നതിനുളള പണികൾ കാര്യക്ഷമമായി മുന്നോട്ട് പോവുകയാണ്.
വി.രാമചന്ദ്രൻപോറ്റി, വിവിഡ്
കോർപ്പറേഷൻ എം.ഡി