നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയകൾക്കായി അഡ്മിറ്റാവുന്ന രോഗികളുടെ ജീവൻ തുലാസിൽ. ബ്ലഡ് ബാങ്കിന്റെ അഭാവം കാരണം ഓപ്പറേഷന് തൊട്ടുമുമ്പ് പേരൂർക്കട ജനറൽ ആശുപത്രിയിൽ നിന്ന് ഐസ് ബാഗിൽ രക്തം എത്തിക്കുന്ന ഭാഗ്യപരീക്ഷണമാണ് ഇവിടെ നടക്കുന്നത്. രോഗികളെ ശസ്ത്രക്രിയയ്ക്ക് കയറ്റിയ ശേഷം രക്തത്തിന് വേണ്ടി പരക്കം പായുന്നത് പതിവ് കാഴ്ചയാണ്. ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ സങ്കീർണമായതിനെ ചൊല്ലി ആശുപത്രിയിൽ ഒച്ചപ്പാടുണ്ടായത് അടുത്തിടെയാണ്. സംഭരണ യൂണിറ്റിൽ രക്തം ഉണ്ടെന്ന ധാരണയിൽ ഓപ്പറേഷൻ ആരംഭിച്ച ഡോക്ടർ, യഥാസമയം രക്തം കിട്ടാതെ നെട്ടോട്ടമോടി. ഒടുവിൽ, സന്നദ്ധ പ്രവർത്തകർ ഇടപെട്ട് രക്തം എത്തിച്ചാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം രോഗിയുടെ ബന്ധുക്കൾ തലേന്നു തന്നെ പേരൂർക്കട ഗവ. ആശുപത്രിയിൽ എത്തി രക്തം നൽകുകയും ഓപ്പറേഷൻ സമയത്ത് ബ്ലഡ് എത്തിച്ചു കൊടുക്കുകയുമാണ് രീതി.