ആ​റ്റിങ്ങൽ: വിദ്യാർത്ഥികളുടെ കാർഷിക സ്വപ്നം കതിരണിഞ്ഞു. ആറ്റിങ്ങൽ കോളേജിലെ നെൽകൃഷി നാടിനാകെ മാതൃകയാകുന്നു. ആറ്റിങ്ങൽ ഗവ. കോളേജിൽ കാടുകയറിക്കിടന്ന നെൽപ്പാടവും പുരയിടവും വൃത്തിയാക്കി, കൃഷി ഇറക്കിയാണ് വിദ്യാർത്ഥികൾ പുതിയൊരു കാർഷിക സംസ്‌കാരത്തിന് തുടക്കമിട്ടിരിക്കുന്നത്. കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ആദ്യം പദ്ധതി നടപ്പാക്കിയതെങ്കിലും പിന്നീട് മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും ആവേശത്തോടെ കൃഷിക്കൊപ്പം ചേർന്നു.

കോളേജിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ കാട് വെട്ടിത്തെളിച്ച് ആദ്യം നെൽകൃഷി തുടങ്ങി. ആ​റ്റിങ്ങൽ കൃഷിഭവനിലെ ഉദ്യോഗസ്ഥർ മാർഗ നിർദ്ദേശങ്ങളേകി. പാടത്തിലേക്ക് വെള്ളമെത്തിക്കാൻ കൃഷിത്തോട്ടത്തിന്റെ മുകൾഭാഗത്ത് കുളം ഉണ്ടാക്കി. നെൽച്ചെടികൾ ഉഷാറായതോടെ, ചു​റ്റുപാടും ഒഴിഞ്ഞു കിടന്ന പുരയിടം കിളച്ചൊരുക്കി വാഴയും മരച്ചീനിയും നടുകയായിരുന്നു. അവധി ദിനങ്ങളിൽ പോലും വിദ്യാർത്ഥികൾ തോട്ടത്തിലെത്തി ചെടികൾ നനയ്ക്കും. അവരുടെ ജീവിതത്തിന്റെ ഭാഗമായി ഈ കൃഷിത്തോട്ടം മാറിക്കഴിഞ്ഞു.

പഠനത്തിനൊപ്പം പ്രകൃതി ജീവനത്തിന്റെ നല്ല പാഠങ്ങൾ കൂടി പകർന്നു നൽകുകയാണ് ഈ കലാലയം. കോളേജ് വളപ്പിൽ മരങ്ങൾ വളർന്നു നിൽക്കുന്ന ഭാഗത്തെ ജൈവ വൈവിധ്യ മേഖലയായി സംരക്ഷിച്ചിട്ടുണ്ട്. ഇതിനോട് ചേർന്ന് ഒരു കാവുമുണ്ട്. ഇതിനുസമീപത്തായാണ് കുളവും കൃഷിത്തോട്ടവും സജ്ജമാക്കിയിരിക്കുന്നത്.

വ്യത്യസ്‌ത ജീവിതസാഹചര്യങ്ങളിൽ നിന്നുവരുന്ന കുട്ടികൾ ഒരു മനസോടെ കൃഷിയും അതിന്റെ മഹത്വവും അനുഭവിച്ചറിയുകയാണിവിടെ. പ്രിൻസിപ്പൽ ഡോ. മണികണ്ഠൻ നായരുടെയും എൻ.എസ്.എസ് കോ-ഓർഡിനേറ്റർ മാരായ ഗോപകുമാർ, സരുൺ എന്നിവരുടെയും നേതൃത്വത്തിലാണിത്.

feb23d