മുടപുരം: കാറിലെത്തിയ മൂന്നംഗസംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം ഷീജ നിവാസിൽ വിനോദ് കുമാറിനാണ് (38) പരിക്കേറ്റത്. രണ്ട് കാറുകളിലായി എത്തിയ അക്രമി സംഘം ഇരുമ്പ് ദണ്ഡു കൊണ്ട് മർദ്ദിക്കുകയും വീട്ടുമുറ്റത്തു കിടന്ന കാറിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 7.30 നായിരുന്നു സംഭവം. മലപ്പുറം പൊന്നാനി താലൂക്ക് ഓഫീസിലെ യു.ഡി ക്ലാർക്കായ വിനോദ് പി.എസ്.സി പരീക്ഷ കഴിഞ്ഞ് കാറിൽ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. മാരകായുധങ്ങളുമായി എത്തിയ അക്രമികളെ കണ്ട് സിറ്റൗട്ടിലേക്ക് കയറിയ വിനോദിനെ ഇരുമ്പ് ദണ്ഡുകൊണ്ട് ഇടതു കാലിലും തലയ്ക്കും മർദ്ദിച്ചു. ഇതുകണ്ട് അമ്മ നിലവിളിക്കുകയുണ്ടായി. അക്രമികൾ അവരെയും തള്ളിയിട്ടു. രണ്ട് കാറുകളിലായി എത്തിയ മൂന്നു പേരാണ് അക്രമം നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. വിനോദിന്റെ തലയ്ക്കും ഇടത് കാലിനും സാരമായ പരിക്കുണ്ട്. സംഭവം നടന്ന് നാട്ടുകാർ ഓടി കൂടിയപ്പോൾ അക്രമികൾ കാറിൽ സ്ഥലം വിടുകയായിരുന്നു. വിനോദിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദിന്റെ ഭാര്യയുടെ വസ്തുവിലെ വഴിത്തർക്കവുമായി ബന്ധപ്പെട്ട് ഭാര്യയുടെ കുടുംബാംഗങ്ങളുമായി കേസ് നടക്കുകയാണ്. ഇതാവാം ആക്രമണത്തിനു കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.