ട്വന്റി 20 വനിതാ ലോകകപ്പിൽ ഇന്ത്യ ഇന്ന്
ബംഗ്ളാദേശിനെതിരെ
. ടി.വി ലൈവ്: വൈകിട്ട് 4.30 മുതൽ സ്റ്റാർ സ്പോർട്സിൽ
പെർത്ത് : ആദ്യ മത്സരത്തിൽ ആതിഥേയരെ അട്ടിമറിച്ച ആത്മവിശ്വാസവുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. അയൽക്കാരായ ബംഗ്ളാദേശാണ് ഇന്ത്യയുടെ ഇന്നത്തെ എതിരാളികൾ.
സിഡ്‌നിയിൽ വെള്ളിയാഴ്ച നടന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ആസ്ട്രേലിയയെ 17 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചിരുന്നത്. ആദ്യം ബാറ്റ് ചെയ്ത് 132/4 എന്ന സ്കോർ ഉയർത്തിയ ഇന്ത്യയ്ക്കെതിരെ ആതിഥേയർ 115 റൺസിന് ആൾ ഒട്ടാവുകയായിരുന്നു. നാലോവറിൽ 19 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ പൂഇം യാദവിന്റെ സ്പിൻ ബൗളിംഗാണ് ഇന്ത്യയ്ക്ക് അപ്രതീക്ഷിത വിജയം നൽകിയത്. ശിഖ പാണ്ഡെ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. പുറത്താകാതെ 49 റൺസുമായി ദീപ്തി ശർമ്മയാണ് ബാറ്റിംഗിൽ തിളങ്ങിയത്.
ഷെഫാലി വർമ്മ, സ്മൃതി മന്ദാന, ജെറമി റോഡ്രിഗസ്, ക്യാപ്ടൻ ഹർമൻ പ്രീത് കൗർ, വേദ കൃഷ്ണമൂർത്തി എന്നിവരടങ്ങിയ ബാറ്റിംഗ് നിര കൂടി ഫോമിലേക്ക് ഉയർന്നാൽ ബംഗ്ളാദേശിനെതിരെ ഇന്ത്യയ്ക്ക് മികച്ച വിജയം നേടാനാകും എന്നാണ് പ്രതീക്ഷ. ടൂർണമെന്റിൽ ബംഗ്ളാദേശിന്റെ ആദ്യമത്സരമാണിത്. 29 കാരിയായ ആൾ റൗണ്ടർ സൽമ ഖാത്തൂനാണ് ബംഗ്ളാദേശിനെ നയിക്കുന്നത്.
2018 ഏഷ്യാകപ്പിന്റെ ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച ടീമാണ് ബംഗ്ളാദേശ്. ആ മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി പൂനം യാദവ് ഒൻപത് റൺസ് മാത്രം വിട്ടുകൊടുത്ത് നാലുവിക്കറ്റ് വീഴ്ത്തിയിരുന്നു.
മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ അഞ്ജു ജെയ്‌നാണ് ബംഗ്ളാദേശിനെ പരിശീലിപ്പിക്കുന്നത്.
ബംഗ്ളാദേശി പേസർ ജഹനാര ആലമിനെയാണ് ഇന്ത്യൻ ബാറ്റിംഗ് നിര ഏറ്റവും കൂടുതൽ ഭയക്കുന്നത്. ജഹനാരയുടെ സ്വിംഗ് ബൗളിംഗിനെ പെർത്തിലെ പിച്ച് ഏറെ തുണച്ചേക്കും.
ഇന്ത്യൻ ടീം ഇവരിൽനിന്ന്
ഹർമൻ പ്രീത് കൗർ (ക്യാപ്ടൻ), സ്മൃതി മന്ദാന, ഷെഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, വേദ കൃഷ്ണമൂർത്തി, തന്യ ഭാട്യ, ദീപ്തിശർമ്മ, ശിഖ പാണ്ഡെ, പൂജാവസ്ത്രാകർ, പൂനം യാദവ്, രാധാ യാദവ്, അരുന്ധതി റെഡ്ഡി, രാജേശ്വരി ഗേയ്ക്ക് വാദ് , റിച്ച്ഘോഷ്.