തിരുവനന്തപുരം: തലസ്ഥാനത്ത് അനുവദിച്ച രണ്ടാമത്തെ മെഡിക്കൽ കോളേജ് നാല് വർഷമായിട്ടും ആരംഭിക്കാത്തതിന് കാരണം സി.പി.എമ്മിന്റെ അന്ധമായ കോൺഗ്രസ് വിരോധമാണെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. തലസ്ഥാന ജില്ലയോടുള്ള അവഗണനയ‌്ക്കെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന പദയാത്രയുടെ നേമം നിയോജക മണ്ഡലത്തിലെ പര്യടനം പൂജപ്പുരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാർ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് എന്ന് നാമകരണം ചെയ്‌തതുകൊണ്ടാണ് മെഡിക്കൽ കോളേജ് വേണ്ടെന്നുവച്ചതിന് കാരണം. തലസ്ഥാന നഗരവികസനത്തിനായി ചെയ്‌തിട്ടുള്ളതെല്ലാം യു.ഡി.എഫ് സർക്കാരുകളാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് തമലം കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു . കൈമനം പ്രഭാകരൻ, സതികുമാർ, കമ്പറ നാരായണൻ, ആനാട് ജയൻ, ആർ. വത്സലൻ, അയിര സുരേന്ദ്രൻ, ഹരികുമാർ, കടകംപള്ളി ഹരിദാസ്, പാളയം ഉദയകുമാർ, എം.ജെ. ആനന്ദ്, ജലീൽ മുഹമ്മദ്, സി. ജയചന്ദ്രൻ. അഭിലാഷ് ആർ. നായർ, കെ.വി. അഭിലാഷ്, മോളി അജിത്, ലക്ഷ്‌മി തുടങ്ങിയവർ സംസാരിച്ചു. പാറശാല, നെയ്യാറ്റിൻകര, കോവളം നിയോജക മണ്ഡലങ്ങളിലെ പര്യടനം പദയാത്ര പൂർത്തിയാക്കി.