മാഡ്രിഡ് : സൂപ്പർ താരം ലയണൽ മെസി നാല് ഗോളുകളുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ എയ്ബറിനെ 5-0 ത്തിന് കീഴടക്കിയ ബാഴ്സലോണ സ്പാനിഷ് ലാലിഗ ഫുട്ബാളിലെ ഒന്നാംസ്ഥാനം റയൽ മാഡ്രിഡിൽ നിന്ന് തിരിച്ചുപിടിച്ചു. റയൽ കഴിഞ്ഞദിവസം ലെവാന്റെയോട് തോറ്റത് ബാഴ്സലോണയ്ക്ക് കാര്യങ്ങൾ എളുപ്പമായി.
ആദ്യപകുതിയിൽത്തന്നെ മെസി ഹാട്രിക് തികച്ചിരുന്നു. 14-ാം മിനിട്ടിലാണ് മെസി ഗോളടി തുടങ്ങിയത്. 37, 40, 87 മിനിട്ടുകളിലായി പട്ടിക പൂർത്തിയാക്കി. 84-ാം മിനിട്ടിൽ ആർരറാണ് അഞ്ചാം ഗോൾ നേടിയത്.
ഇൗ വിജയത്തോടെ ബാഴ്സലോണയ്ക്ക് 25 മത്സരങ്ങളിൽനിന്ന് 55 പോയിന്റായി. രണ്ടാംസ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 53 പോയിന്റേയുള്ളൂ.
ലെസ്റ്ററിനെ വീഴ്ത്തി
മാഞ്ചസ്റ്റർ സിറ്റി
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ലെസ്റ്റർ സിറ്റിയെ മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചു. 88-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസാണ് സ്കോർ ചെയ്തത്. അഗ്യൂറോ പെനാൽറ്റി മിസാക്കിയത് മാഞ്ചസ്റ്ററിന് മാനക്കേടായി.
ഇതോടെ 27 കളികളിൽനിന്ന് 57 പോയിന്റായ മാഞ്ചസ്റ്റർ സിറ്റി രണ്ടാംസ്ഥാനത്ത് തുടരുകയാണ്. 50 പോയിന്റുള്ള ലെസ്റ്റർ സിറ്റി മൂന്നാമതാണ്. 76 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്.