വിഴിഞ്ഞം : 'തിരിച്ചറിയൽ രേഖ കാണിക്കൂ" എന്നാക്രോശിച്ച് അന്യസംസ്ഥാന തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച കേസിൽ ആർ.എസ്. എസ് പ്രവർത്തകനായ ആട്ടോ ഡ്രൈവർ അറസ്റ്റിൽ. വെങ്ങാനൂർ തൈവിളാകത്ത് ശിവശൈലം വീട്ടിൽ സുരേഷിനെയാണ് (47) വിഴിഞ്ഞം പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ഏഴിന് ഉച്ചക്ക് 12.40 ന് നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നതോടെയാണ് സുരേഷിനെതിരെ വധശ്രമത്തിനടക്കം കേസെടുത്ത് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്‌തത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുക്കോല ജംഗ്ഷനിലാണ് സംഭവം. ആട്ടോസ്റ്റാന്റിൽ വച്ച് സുരേഷ് തന്റെ ആട്ടോറിക്ഷ പിന്നിലേക്ക് എടുക്കവേ അന്യസംസ്ഥാനത്തൊഴിലാളിയായ ഗൗതമിന്റെ ശരീരത്തിൽ തട്ടി. ജോലി കഴിഞ്ഞ് സമീപത്തെ മൊബൈൽ കടയിൽ റീചാർജ് ചെയ്യാനെത്തിയതാണ് ഗൗതം. ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതനായ സുരേഷ് ഗൗതമിനെ അസഭ്യം വിളിച്ച് പലപ്രാവശ്യം അടിച്ചു. തുടർന്ന് ആട്ടോ ഒതുക്കിയിട്ട ശേഷം വീണ്ടുമെത്തി തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ട് അടിച്ചു.
'താൻ മുക്കോല സ്വദേശി ആണെന്നും നീയൊക്കെ എവിടുന്നു വരുന്നു എന്ന് എനിക്കറിയണം" എന്നും ആക്രോശിച്ചായിരുന്നു മർദ്ദനം. പിന്നാലെ ഗൗതമിന്റെ തിരിച്ചറിയൽ കാർഡ് പിടിച്ചു വാങ്ങുകയും നാളെ പൊലീസ് സ്റ്റേഷനിൽ വന്നു വാങ്ങിക്കോ എന്നു പറഞ്ഞശേഷം കാർഡ് കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തു.
സംഭവം കണ്ടു നിന്ന ചിലർ ഇടപെട്ട് ഇതരസംസ്ഥാന തൊഴിലാളിക്ക് തൊഴിൽവകുപ്പ് നൽകിയിരുന്ന കാർഡ് തിരികെ വാങ്ങി ഗൗതമിന് നൽകി. സുരേഷ് ഗൗതമിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
മുമ്പ് മുക്കോല ജംഗ്ഷനിലുളള മൊബൈൽ കടയിൽ സിംകാർഡ് വാങ്ങാനെത്തിയ സുരേഷ്, ജീവനക്കാരനായ ബാലരാമപുരം വാണിയർ തെരുവ് സ്വദേശി മുനീറിനെയും ക്രൂരമായി മർദ്ദിച്ചിരുന്നു.
അന്ന് മുനീർ പൊലീസിൽ പരാതി നൽകിയെങ്കിലും സുരേഷിനെ പിടികൂടിയില്ല. മൂന്നു ദിവസം മുമ്പ് മുക്കോലയിലെ ഒരു കടയിൽ കയറി ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയേയും സുരേഷ് അടിച്ചതായി പ്രദേശവാസികൾ പറഞ്ഞു. വിവിധ കേസുകളിൽപ്പെട്ട് രണ്ട് വർഷം മുമ്പ് റിമാൻഡിലായ ആളാണ് സുരേഷെന്നും ലഹരി മാഫിയയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വിഴിഞ്ഞം എസ്.എച്ച്.ഒ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐ സുനിൽ, സി.പി.ഒ എ. ജോസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. വൈകിട്ട് സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പും നടത്തി.