ഫെറാറ : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ തന്റെ തുടർച്ചയായി 11-ാം മത്സരത്തിലും ഗോളടിച്ച യുവന്റസിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റെക്കാഡിനൊപ്പമെത്തി.
കഴിഞ്ഞ രാത്രി സ്പാലിനെതിരെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെയും ആരോൺ റാംസെയുടെയും ഗോളുകൾക്ക് യുവന്റസ് 2-1ന് വിജയിച്ച് പ്രിമിയർ ലീഗിലെ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. 39-ാം മിനിട്ടിൽ യുവാൻ ക്വാർഡാഡോയുടെ പാസിൽനിന്ന് ക്രിസ്റ്റ്യാനോയാണ് യുവന്റിന്റെ ആദ്യഗോൾ നേടിയത്.
60-ാം മിനിട്ടിൽ ആരോൺ റാംസെ രണ്ടാം ഗോൾ നേടി. 69-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് പെറ്റാഗ്‌നയാണ് സ്പാലിന്റെ ആശ്വാസഗോൾ നേടിയത്.
ഇതോടെ യുവന്റസിന് 25 മത്സരങ്ങളിൽ നിന്ന് 60 പോയിന്റായി. സെരി എയിൽ രണ്ടാംസ്ഥാനത്തുള്ള ലാസിയോയ്ക്ക് 24 മത്സരങ്ങളിൽനിന്ന് 56 പോയിന്റാണുള്ളത്.
1000
ക്രിസ്റ്റ്യാനോയുടെ കരിയറിലെ ആയിരാമത്തെ പ്രൊഫഷണൽ മത്സരമായിരുന്നു ഇത്.
725
പ്രൊഫഷണൽ കരിയറിൽ ക്രിസ്റ്റ്യാനോ നേടിയ ഗോളുകളുടെ എണ്ണം.
11
ഇറ്റാലിയൻ സെരി എയിൽ മൂന്ന് കളിക്കാർ മാത്രമാണ് തുടർച്ചയായി 11 മത്സരങ്ങളിൽ ഗോളടിച്ചിട്ടുള്ളത്. 1994-95 സീസണിൽ ഗബ്രിയേല ബാറ്റിസ്റ്റ്യൂട്ട, 2018/19 സീസണിൽ ഫാബിയോ ക്വാഗ്ളിയേറല്ല എന്നിവരാണ് ക്രിസ്റ്റ്യാനോയ്ക്ക് മുമ്പ് ഇൗ നേട്ടത്തിലെത്തിയിരുന്നത്.
21
ഇൗ സീസണിൽ ഇതുവരെ ക്രിസ്റ്റ്യാനോ നേടിയ ഗോളുകളുടെ എണ്ണം
35
ക്രിസ്റ്റ്യാനോയുടെ പ്രായം
കൊറോണ ഭീഷണി: സെരി എ മത്സരങ്ങൾ മാറ്റി
റോം : ചൈനയിൽ നിന്നെത്തിയ കൊറോണ വൈറസ് ഇറ്റലിയിലും ഭീതി പരത്തി തുടങ്ങിയതോടെ ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ കഴിഞ്ഞദിവസം നടക്കേണ്ടിയിരുന്ന മൂന്ന് മത്സരങ്ങൾ മാറ്റിവച്ചു.
രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. 79 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൗ പശ്ചാത്തലത്തിൽ ഇൗ മേഖലയിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങൾ മാറ്റിവയ്ക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.
പ്രമുഖ ക്ളബുകളായ ഇന്റർ മിലാനും സാംപഡോറിയയും തമ്മിലുള്ള മത്സരവും അറ്റലാന്റയും സസൗളോയും തമ്മിലുള്ള മത്സരവും മാറ്റിവച്ചവയിൽ പെടുന്നു.
ഹസാഡിന് പരിക്ക്
റയലിന് തോൽവി
മാഡ്രിഡ് : കഴിഞ്ഞദിവസം ലെവാന്റെയ്ക്കെതിരെ നടന്ന സ്പാനിഷ് ലാലിഗ ഫുട്ബാൾ മത്സരത്തിൽ തോറ്റതിനൊപ്പം സൂപ്പർതാരം എഡൻ ഹസാഡിന് പരിക്കേൽക്കുകയും ചെയ്തത് സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിന് കനത്ത തിരിച്ചടിയായി.
ലെവാന്റെയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 79-ാം മിനിട്ടിൽ മൊറാലസ് നേടിയ ഗോളിനായിരുന്നു റയലിന്റെ തോൽവി. 67-ാം മിനിട്ടിലാണ് ഹസാഡിന്റെ കാൽക്കുഴയ്ക്ക് പരിക്കേറ്റ് പുറത്തായത്. പാദത്തിലെ നേരിയ പരിക്കിനെതുടർന്ന് മൂന്ന് മത്സരങ്ങളിൽനിന്ന് വിട്ടുനിന്നിരുന്ന ഹസാഡിനെ തിരിച്ചെത്തിയ ഉടനെയാണ് അടുത്ത പരിക്ക് പിടികൂടിയത്.
മരന്നുമാസത്തിലേറെ ഹസാഡിന് വിശ്രമം വേണ്ടിവരുമെന്ന് ഉറപ്പായി. ഇതോടെ ഇൗയാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിലും അടുത്തയാഴ്ചയിലെ ബാഴ്സലോണയ്ക്കെതിരായ എൽക്ളാസിക്കോ മത്സരത്തിലും റയലിന്റെ കാര്യം കടുത്ത സമ്മർദ്ദത്തിലായി. ഇൗവർഷം നടക്കുന്ന യൂറോകപ്പിലും ഹസാഡ് കളിക്കുന്ന കാര്യം സംശയത്തിലാണ്.