തിരുവനന്തപുരം: ദേവരാജൻ മാഷിന്റെ ഓർമ്മ നിറഞ്ഞുനിന്ന സായാഹ്നത്തിൽ,​ വേദികളിൽ അധികമെത്താത്ത,​ 'ഷഡ്കാല പല്ലവി" യുടെ അപൂർവ മാധുര്യം നുണഞ്ഞ് തലസ്ഥാനത്തെ സംഗീതാസ്വാദകർ.

ഷഡ്കാല ഗോവിന്ദമാരാരുടെ ഷഡ്കാല പല്ലവിയെ അതിന്റെ മൗലികത ചോരാതെ ചിട്ടപ്പെടുത്തിയ ജി. ദേവരാജന്റെ സൃഷ്ടിയാണ് ഇന്നലെ വൈകിട്ട് അയ്യൻകാളി ഹാളിൽ അവതരിപ്പിക്കപ്പെട്ടത്.
ഭാരത് ഭവനും ജി.ദേവരാജൻ മാസ്റ്റർ ട്രസ്റ്റും ദേവരാഗപുരം മ്യൂസിക്ക് അക്കാഡമിയും ചേർന്ന് ഒരുക്കിയ സംഗീതപരിപാടി ആസ്വാദകർക്ക് സമ്മാനിച്ചത് അപൂർവ സംഗീതാനുഭവം. ദേവരാജൻ മാസ്റ്ററിൽനിന്ന് ഷഡ്കാല പല്ലവി നേരിട്ട് അഭ്യസിച്ച പ്രശസ്ത സംഗീതജ്ഞൻ ചെന്നൈ ഡോ.കെ. കൃഷ്ണകുമാറാണ് ഷഡ്കാല പല്ലവി ആലപിച്ചത്. സൂക്ഷ്‌മതയോടെ ദേവരാജൻ ചിട്ടപ്പെടുത്തിയ 25 പല്ലവികളിൽ നിന്നുള്ള പ്രധാന പല്ലവിയാണ് അവതരിപ്പിച്ചത്. ആറ്റുകാൽ ബാലസുബഹ്മണ്യം വയലിനിലും നാഞ്ചിൽ അരുൾ മൃദംഗത്തിലും അകമ്പടിയായി. ദേവരാജന്റെ ശക്തിഗാഥാ ക്വയറിന്റെ അവതരണവും സായാഹ്നത്തെ സമ്പന്നമാക്കി. 'ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും' എന്ന ദേവരാജ സൃഷ്ടിയോടെയാണ് വേദി ഉണർന്നത്. തുടർന്ന് ശക്തിഗാഥയുടെ സ്ഥിരം അവതരണഗാനമായ ഒ.എൻ.വിയുടെ 'പൊന്നരയാലിന്റെ ചില്ലയിൽ പാടുന്ന പക്ഷികൾ ഞങ്ങൾ' എന്ന ഗാനവും ആലപിച്ചു. ദേവരാജ ശിഷ്യനായ സംഗീതസംവിധായകൻ സതീഷ് രാമചന്ദ്രനാണ് ക്വയർ നയിച്ചത്. മാസ്റ്ററിൽ നിന്ന് ക്വയർ അഭ്യസിച്ചിട്ടുള്ള നിരവധി പേർ സംഘത്തിൽ അണിനിരന്നു. സൂര്യ കൃഷണമൂർത്തി, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സതീഷ് ബാബു പയ്യന്നൂർ തുടങ്ങിയവർ പങ്കെടുത്തു.