india-kiwis-cricket
india kiwis cricket

കി​വീസി​നെതി​രായ ഒ​ന്നാം​ ​ക്രി​ക്കറ്റ് ടെ​സ്റ്റി​ന്റെ​ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​ലും ഇ​ന്ത്യ​യ്ക്ക് ​ബാ​റ്റിം​ഗ് ​ത​ക​ർ​ച്ച

വെല്ലിംഗ്ടൺ : കിവീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ തോൽവിയിൽ നിന്ന് കരകയറ്റാൻ അജിങ്ക്യ രഹാനെയ്ക്ക് കഴിയുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

വെല്ലിംഗ്ടണിൽ ആദ്യ ഇന്നിംഗ്സിലേതുപോലെ ഒരു മുൻനിര തകർച്ച രണ്ടാം ഇന്നിംഗ്സിലും നേരിട്ടതോടെ മൂന്നാംദിവസം കളിനിറുത്തുമ്പോഴും കിവീസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ആദ്യ ഇന്നിംഗ്സിൽ 165 റൺസിന് ആൾ ഒൗട്ടായ ഇന്ത്യയ്ക്കെതിരെ ഇന്നലെ ഒന്നാം ഇന്നിംഗ്സിൽ 348 റൺസ് എന്ന സ്കോർ ഉയർത്തിയാണ് ന്യൂസിലൻഡ് ആൾ ഒൗട്ടായത്. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ സ്റ്റംപെടുക്കുമ്പോൾ 144/4 എന്ന നിലയിലാണ് ഇപ്പോഴും കിവിസിനേക്കാൾ 39 റൺസ് പിന്നിലാണ് ഇന്ത്യ.

രണ്ടാം ഇന്നിംഗ്സിൽ പൃഥ്വിഷാ (14), മായാങ്ക് അഗർവാൾ (58), ചേതേശ്വർ പുജാര (11), ക്യാപ്ടൻ കൊഹ്‌ലിസ (19) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുന്നത്. ക്രീസിലുള്ള അജിങ്ക്യ രഹാനെ (25), ഹനുമ വിഹാരി (15), ഇനി ഇറങ്ങാനുള്ള ഋഷഭ് പന്ത്, രവിചന്ദ്രൻ അശ്വിൻ എന്നിവരിലാണ് ഇന്ത്യയ്ക്ക് പ്രതീക്ഷയുള്ളത്. ആദ്യ ഇന്നിംഗ്സിൽ ടോപ് സ്കോററായിരുന്ന രഹാനെ രണ്ടാം ഇന്നിംഗ്സിലും പിടിച്ചുനിന്നില്ലെങ്കിൽ കൊഹ്‌ലിപ്പടയ്ക്ക് തോൽക്കേണ്ടിവരും.

ഇന്നലെ 216/5 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനിറങ്ങിയ കിവീസിന്റെ വാലറ്റക്കാരെ വിളയാടാൻ അനുവദിച്ചതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 132 റൺസാണ് ഇന്നലെ കിവീസ് കൂട്ടിച്ചേർത്തത്. തലേന്ന് നാല് റൺസ് മാത്രം നേടിയിരുന്ന കോളിൻ ഡി ഗ്രാൻഡ് ഹോമിനെ 43 റൺസെടുക്കാൻ അനുവദിച്ചതും വാലറ്റത്ത് ജാമീസണിനെയും (44), ബൗൾട്ടിനെയും (38) നിയന്ത്രിക്കാൻ കഴിയാതിരുന്നതും തിരിച്ചടിയായി.

രാവിലെ സൗത്തിയെ (6) പുറത്താക്കി ഇശാന്ത് ശർമ്മ ഇന്ത്യയ്ക്ക് പ്രതീക്ഷയേകിയിരുന്നു. എന്നാൽ എട്ടാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച ഗ്രാൻഡ് ഹോമും അരങ്ങേറ്റക്കാരൻ ജാമീസണും ചേർന്ന് അടിച്ചുകൂട്ടിയത് 71 റൺസാണ്. 45 പന്തുകളിൽ ഒരു ഫോറും നാല് സിക്സുമടിച്ച ജാമീസണായിരുന്നു കൂടുതൽ അപകടകാരി. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റുകളും വീഴ്ത്തിയ ജാമീസണെ ഒടുവിൽ അശ്വിനാണ് പുറത്താക്കിയത്. ടീം സ്കോർ 310 ലെത്തിയപ്പോൾ ഗ്രാൻഡ് ഹോമിനെ അശ്വിൻ മടക്കി അയച്ചു. എന്നാൽ 24 പന്തിൽ അഞ്ച് ഫോറുകളും ഒരു സിക്സുമടക്കം ബൗൾട്ടിന്റെ വെടിക്കെട്ട് കൂടിയായതോടെ കിവീസ് 348 ലെത്തി. ഇശാന്താണ് ബൗൾട്ടിനെ പുറത്താക്കി അഞ്ച് വിക്കറ്റ് തികയ്ക്കുകയും കിവീസ് ഇന്നിംഗ്സിന് കർട്ടിനിടുകയും ചെയ്തത്.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സിലെ പിഴവുകൾ ആവർത്തിക്കുകയായിരുന്നു. 30 പന്തുകളിൽ 14 റൺസടിച്ച ഒാപ്പണർ പൃഥ്വിഷാ എട്ടാം ഒാവറിൽ ബൗൾട്ടിന് കീഴടങ്ങി. തുടർന്നിറങ്ങിയ പുജാര (11) മായാങ്കിനൊപ്പം മുന്നേറിയെങ്കിലും അധികം നീണ്ടില്ല. 32-ാം ഒാവറിൽ ബൗൾട്ട് തന്നെ പുജാരയെയും പുറത്താക്കി. ഇൗ ടെസ്റ്റിലെ ആദ്യ ഇന്ത്യൻ അർദ്ധ സെഞ്ച്വറിക്കാരനായ മായാങ്കിനെ 39-ാം ഒാവറിൽ സൗത്തിയാണ് പുറത്താക്കിയത്. 45-ാം ഒാവറിൽ കൊഹ്‌ലിയെ (19) ബൗൾട്ട് കീപ്പർ വാറ്റ്ലിംഗിന്റെ കൈയിലെത്തിച്ചത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. തുടർന്ന് ക്രീസിലൊരുമിച്ച രഹാനെയും വിഹാരിയും സ്റ്റപെടുക്കുംവരെ വിക്കറ്റ് പോകാതെ കാത്തു.