ഗുജറാത്ത് സെമിയിൽ

വൽസാഡ് : ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ 464 റൺസിന് വിജയിച്ച് ഗുജറാത്ത് സെമി ഫൈനലിലെത്തി. ആദ്യ ഇന്നിംഗ്സിൽ 602/8 എന്ന സ്കോറിനും രണ്ടാം ഇന്നിംഗ്സിൽ 199/6 എന്ന സ്കോറിനും ഡിക്ളയർ ചെയ്ത ഗുജറാത്തിനെതിരെ ഗോവ യഥാക്രമം 173 റൺസിനും 164 റൺസിനും ആൾ ഒൗട്ടാവുകയായിരുന്നു.

മറ്റൊരു ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെതിരെ 259 റൺസ് ലീഡ് നേടിയിരുന്ന കർണാടകം സെമി ഉറപ്പിച്ചിരിക്കുകയാണ്. ആദ്യ ഇന്നിംഗ്സിൽ 206 ന് ആൾ ഒൗട്ടായ കർണാടകയ്ക്ക് എതിരെ ജമ്മു കാശ്മീരിന് 192 റൺസേ നേടാനായുള്ളൂ. നാലാംദിനം കളി നിറുത്തുമ്പോൾ കർണാടകം രണ്ടാം ഇന്നിംഗ്സിൽ 245/4 എന്ന നിലയിലാണ്.

ദക്ഷിണാഫ്രിക്കയ്ക്ക് ത്രില്ലിംഗ് വിജയം

പെർത്ത് : വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇംഗ്ളണ്ടിനെ രണ്ട് പന്ത് ശേഷിക്കേ ആറ് വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് 123/8 എന്ന സ്കോർ ഉയർത്തി. 19.4-ാം ഒാവറിലാണ് ദക്ഷിണാഫ്രിക്ക 127/4 എന്ന സ്കോറിലെത്തിയത്.

ദക്ഷിണാഫ്രിക്ക 158/4

പോർട്ട് എലിസബത്ത് : ആസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ട്വന്റി 20യിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 158/4 എന്ന സ്കോർ ഉയർത്തി. 70 റൺസടിച്ച നായകൻ ക്ളിന്റൺ ഡി കോക്കാണ് ആതിഥേയരുടെ ടോപ് സ്കോറർ. വാൻഡർ ഡ്യൂസൺ 37 റൺസ് നേടി.

മറുപടിക്കിറങ്ങിയ ആസ്ട്രേലിയ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 11 ഒാവറിൽ 89/1 എന്ന നിലയിലാണ്.

ജിതേന്ദറിന് വെള്ളി

ന്യൂഡൽഹി : ഏഷ്യൻ റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ജിതേന്ദർ കുമാറിന് വെള്ളി. ഇന്നലെ നടന്ന 74 കി.ഗ്രാം ഫൈനലിൽ കസഖിസ്ഥാന്റെ ഡാനിയർ കൈസാനോവിനോട് 3-1ന് തോൽക്കുകയായിരുന്നു ജിതേന്ദർ. 86 കി.ഗ്രാം വിഭാഗത്തിൽ ദീപക് പുതിയ വെങ്കലം നേടി. 61 കി.ഗ്രാം വിഭാഗത്തിൽ രാഹുൽ അവാരെയും വെങ്കലം സ്വന്തമാക്കി.

ഇന്ത്യൻ സഖ്യത്തിന് വെള്ളി

ബുഡാപെസ്റ്റ് : ഐ.ടി.ടി എഫ് വേൾഡ് ടൂറിന്റെ ഭാഗമായ ഹംഗേറിയൻ ഒാപ്പൺ ടേബിൾ ടെന്നിസ് ടൂർണമെന്റിൽ ഇന്ത്യയുടെ അചാന്ത ശരത് കമൽ ഗുണശേഖരൻ സത്യൻ സഖ്യത്തിന് വെള്ളി മെഡൽ ലഭിച്ചു. ഫൈനലിൽ ഇന്ത്യൻ സഖ്യം ജർമ്മനിയുടെ ബെനഡിക്ട് ഡുഡ- പാട്രിക് ഫ്രാൻസിക്ക സഖ്യത്തോട് 5-11, 9-11, 11-8, 9-11 എന്ന സ്കോറിന് തോൽക്കുകയായിരുന്നു.

സിമോണയ്ക്ക് ദുബായ് കിരീടം

ദുബായ് : മുൻ ലോക ഒന്നാംനമ്പർ റൊമേനിയൻ താരം സിമോണ ഹാലെപ്പ് ദുബായ് ടെന്നിസ് ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി. ഫൈനലിൽ എലേന റൈബാക്കിനയെ 3-6, 6-3, 7-6 ന് തോൽപ്പിക്കുകയായിരുന്നു സിമോണ. സിമോണയുടെ കരിയറിലെ 20-ാം കിരീടമാണിത്.