എസ്.പി കൃഷ്ണപ്രസാദ് വാതിൽക്കലേക്ക് ഒന്നു നോക്കി. പിന്നെ ശബ്ദം താഴ്‌ത്തി.
''സി.ഐ ഇഗ്‌നേഷ്യസ് എവിടെയാണ് താമസിക്കുന്നതെന്ന് അറിയാമോ?"
''തിരക്കാം സാർ..." ഷാജി ചെങ്ങറ കാതുകൾ കൂർപ്പിച്ചു.
''തിരക്കണം. ആ വീട്ടിൽ ആരൊക്കെയുണ്ട് എന്നതടക്കം. എന്നിട്ട് അയാൾ ഒറ്റയ്ക്ക് ഉള്ള സമയത്തേ അവിടെ ചെല്ലാവൂ..."
തുടർന്ന് കൃഷ്ണപ്രസാദ് കാര്യം വിശദമായി പറഞ്ഞുകൊടുത്തു.
ഷാജി ചെങ്ങറയുടെ കണ്ണുകൾ വല്ലാതെ തിളങ്ങി.
''അക്കാര്യം ഞാൻ ഏറ്റു സാർ." എസ്.പി അയാൾക്കു ഷേക്‌ഹാന്റ് നൽകി. ഒട്ടും സമയം കളയാതെ ഷാജി ചെങ്ങറ, കൃഷ്ണപ്രസാദിന്റെ അരുകിൽ നിന്നു മടങ്ങി.
*****
കേസ് ചാർജുചെയ്തിട്ട് സി.ഐ ഇഗ്‌നേഷ്യസ് പ്രതികളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി.
തൈക്കാട് സുനിൽ.
സി.വി. ദിനേശ്.
മുഹമ്മദ് റസൂൽ.
ജോസഫ് ജോൺ... എന്നിങ്ങനെയായിരുന്നു അവരുടെ പേര്.
മജിസ്ട്രേറ്റ് കേസ് ഷീറ്റ് വായിച്ചു നോക്കിയിട്ട് അവരോടു ചില ചോദ്യങ്ങൾ ചോദിച്ചു. ശേഷം പതിനാലു ദിവസത്തേക്കു റിമാന്റു ചെയ്തു.
കുറ്റവാളികളെ അവിടനിന്ന് നേരെ പത്തനംതിട്ട സബ് ജയിലിലേക്കു കൊണ്ടുപോയി.
ആ സമയം മൊട്ടത്തലയൻ തൈക്കാട് സുനിൽ സി.ഐയോടു പറഞ്ഞു.
''സാറേ.. ഒറ്റദിവസംകൊണ്ട് ഈ ലോകം അവസാനിക്കാനൊന്നും പോകുന്നില്ല. ഞങ്ങളെ തൂക്കി കൊല്ലാനും... അതുകൊണ്ട് കരുതിയിരുന്നോണേ. നമ്മക്ക് ഒരു തവണകൂടി കാണേണ്ടിവരും."
ബൊലേറോയുടെ കോ-ഡ്രൈവർ സീറ്റിലിരുന്ന് ഇഗ്‌നേഷ്യസ് തിരിഞ്ഞുനോക്കി.
''ഇത് തന്നെയാടാ എനിക്ക് നിന്നോടൊക്കെയും പറയാനുള്ളത്. ഇനി ഒരു കേസുമായി എന്റെ മുന്നിൽ വന്നാൽ... ഇങ്ങനെയൊന്നും ആവില്ല ഞാൻ പ്രതികരിക്കുന്നത്. ഇടിച്ച് നട്ടെല്ലൊടിക്കും ഞാൻ."
ഇഗ്‌നേഷ്യസിന്റെ പല്ലുകൾ ചേർന്നു ഞെരിഞ്ഞു.
അതുകേട്ട് ജൂബ്ബാധാരിയായ മുഹമ്മദ് റസൂൽ അമർത്തി ചിരിച്ചുകൊണ്ട് പരിഹസിച്ചു.
''സാറ് തിരുവനന്തപുരം എന്ന് കേട്ടിട്ടുണ്ടോ? നമ്മുടെ തലസ്ഥാനമാ. അവിടെ കൊടികെട്ടിയ പോലീസ് ഏമാന്മാര് നോക്കിയിട്ടുണ്ട് ഞങ്ങളെ ഒന്നു പൂട്ടാൻ. പലവട്ടം. പക്ഷേ ഞങ്ങടെ ഒരു രോമം പറിക്കാൻ അവർക്കായിട്ടില്ല. എന്നാൽ ഇവിടെ... ഞങ്ങടെ സമയദോഷമാകും. സാരമില്ല... എല്ലാ ദോഷങ്ങളെയും മറികടക്കാനുള്ള വിദ്യ ഞങ്ങൾക്കറിയാം."
''ഓ..."
ഇഗ്‌നേഷ്യസ് അത് അവഗണിച്ചു. ബൊലേറോ സബ് ജയിലിനു മുന്നിൽ എത്തിയിരുന്നു.
****
വൈകിട്ട് അഞ്ചുമണി.
അന്ന് ഓട്ടം കുറവായിരുന്നു. ഓട്ടോ സ്റ്റാന്റിലെ മരച്ചുവട്ടിൽ ഓരോന്നു സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു സിദ്ധാർത്ഥും സുഹൃത്തുക്കളും.
''ഞാൻ വിട്ടേക്കുവാ. ഒരിടം വരെ പോകാനുണ്ട്."
സിദ്ധാർത്ഥ് പറഞ്ഞു.
''മാളവികയുടെ അടുത്തേക്കായിരിക്കും." മീറ്റർ ചാണ്ടി അർത്ഥം വച്ചു പറഞ്ഞു.
''അതെ. നീ വരുന്നോ?"
''ഓ... നമ്മളൊന്നുമില്ലേ..." ചാണ്ടി ഒരു പ്രത്യേക ഭാവത്തിൽ മുഖം കോട്ടി.
ചില സത്യം പറഞ്ഞാൽ മറ്റുള്ളവർ വിശ്വസിക്കില്ലെന്ന് സിദ്ധാർത്ഥിന് അറിയാം.
പെട്ടെന്ന് ഓർത്തതുപോലെ അവൻ തിരക്കി.
''അല്ല... റോഡ് നോക്കാൻ മന്ത്രി വരുമെന്നു പറഞ്ഞിട്ട് വന്നില്ലല്ലോ."
''വരവ് നാളത്തേക്കു മാറ്റിപോലും. ദേ സായാഹ്ന പത്രത്തിലുണ്ട്." വൈറസ് മാത്യു പത്രം ഉയർത്തിക്കാണിച്ചു. ''മന്ത്രി ഇന്ന് കോയമ്പത്തൂരിനു പോയി. വോൾവോ ബസും കണ്ടെയ്‌നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച സ്ഥലത്തേക്ക്."
സിദ്ധാർത്ഥ് ഒന്നു മൂളി.
ഒരു ഭയങ്കര അപകടമായിപ്പോയി.
അപ്പോൾ സിദ്ധാർത്ഥിന് ഒരു ഓട്ടം വന്നു. അത് അവൻ ചെമ്പല്ലി സുരേഷിനു കൈമാറി. ശേഷം തന്റെ ഓട്ടോ തെങ്ങുംകാവിനു വിട്ടു.
കോന്നി ആനത്താവളത്തിൽ കുട്ടിയാനയ്ക്കരികെ ഒരുകൂട്ടം വിദേശികൾ നിന്നു സെൽഫി എടുക്കുന്നതു കണ്ടു.
മാളവികയുടെ വീട്.
മുറ്റത്ത് നിർമ്മിച്ചിരുന്ന പന്തൽ പൊളിച്ചിരുന്നില്ല. എന്നാൽ അതിനടിയിൽ നിരത്തിയിരുന്ന ഡെസ്കുകളും കസേരകളും നീക്കം ചെയ്തിരുന്നു.
വീടിന്റെ വാതിൽ തുറന്നുകിടക്കുകയാണ്.
''ആരുമില്ലേ?"
സിദ്ധാർത്ഥ് വാതിൽക്കൽ നിന്നു തിരക്കി.
അകത്ത് ആരോ പെട്ടെന്ന് എഴുന്നേൽക്കുന്നതിന്റെ ചലനം കേട്ടു. പിന്നെ വാതിൽക്കൽ മാളവികയുടെ വാടിയ മുഖം.
പെട്ടെന്ന് സിദ്ധാർത്ഥിനെ മുന്നിൽ കണ്ടപ്പോൾ ആ മുഖത്ത് വിസ്മയം.
''ചേട്ടൻ എന്താ ഇവിടെ?"
''വരേണ്ട കാര്യം ഉണ്ടാക്കിവച്ചാൽ വരാതിരിക്കാൻ പറ്റുമോ?"
അവൻ ചിരിച്ചു.
മാളവികയുടെ നെറ്റി ചുളിഞ്ഞു.
''വീണ്ടും വിഷയം വല്ലതും ഉണ്ടായോ ചേട്ടാ?"
''ഏയ്.. അങ്ങനെയൊന്നുമില്ല." സിദ്ധാർത്ഥ് പോക്കറ്റിൽ നിന്നു സെൽഫോൺ എടുത്തു കാണിച്ചു.
''ഇത് മാളവികയുടേത് അല്ലേ?"
''അതെ." അവളുടെ കണ്ണുകൾ മിഴിഞ്ഞു. ''ഇത് ചേട്ടന് എങ്ങനെ കിട്ടി?"
''ഓട്ടോയിൽ നിന്ന്. അപ്പോൾ ഫോൺ തന്റെ കയ്യിൽ ഇല്ലെന്ന കാര്യം അറിഞ്ഞില്ലേ?"
''ഇല്ല. എന്റെ ബാഗിൽ ഉണ്ടാകും എന്നു കരുതി. ആരും ഇങ്ങോട്ട് വിളിക്കുന്നില്ലല്ലോ എന്ന ആശ്വാസവും. മറുപടി പറയണ്ടല്ലോ..."
''എന്നാൽ ചിലരൊക്കെ വിളിച്ചു. ഞാൻ തക്ക മറുപടിയും കൊടുത്തു."
പെട്ടെന്നു മാളവികയുടെ മുഖം വിളറി.
''ഷാജി ചെങ്ങറ?"
''ങാ." അവൻ ഫോൺ അവളെ ഏൽപ്പിച്ചു.
(തുടരും)