കല്ലമ്പലം: ചെറുകിട കോഴികർഷകരുടെ ദുരിതങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് സ്റ്റേറ്റ് പൗൾട്രി ഫാർമേഴ്സ് വെൽഫെയർ അസോസിയേഷൻ മന്ത്രിക്ക് നിവേദനം നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പരാതി. ഇത് സംബന്ധിച്ച് പൗൾട്രി കർഷകരുടെ വിശദമായ യോഗം വിളിക്കുമെന്നും അതിലൂടെ പ്രശ്നം മനസിലാക്കി പരിഹാരം കണ്ടെത്തുമെന്നും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുലി, ട്രഷറർ പി. ജയൻ, വൈസ് പ്രസിഡന്റ് എസ്. രവി എന്നിവർ അറിയിച്ചു. സർക്കാരിന്റെ അധീനതയിലുള്ള പൗൾട്രി കോർപ്പറേഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, സബ്സിഡി നിരക്കിൽ കോഴി തീറ്റയും കുഞ്ഞിനെയും നൽകുക, ചെറുകിട കർഷകരുടെ ജപ്തി നടപടിയായ വായ്പകൾക്ക് കടാശ്വാസ പദ്ധതിയിലൂടെ ഫണ്ട് നീക്കി വയ്ക്കുക, കാർഷിക ആവശ്യത്തിന് നൽകുന്നതുപോലെ സബ്സിഡി നിരക്കിൽ വൈദ്യുതി നൽകുക, മൃഗ സംരക്ഷണ വകുപ്പ് വഴി രജിസ്റ്റർ ചെയ്യുന്ന കോഴികൾക്ക് ജീവഹാനിയുണ്ടായാൽ കോഴി ഒന്നിന് 150 രൂപ നഷ്ടപരിഹാരം നൽകുക, സൗജന്യമായി മെഡിസിൻ വിതരണം ചെയ്യുക, ഇവരെ കാർഷിക വൃത്തിയിൽ ഉൾപ്പെടുത്തി കാർഷിക സഹായങ്ങളെല്ലാം കിട്ടുന്ന തരത്തിൽ നിയമമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇവ പരിശോധിച്ച് പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി.