തിരുവനന്തപുരം: ആശാവർക്കർമാരുടെ വേതനം മുടങ്ങുന്നത് ചില ഉദ്യോഗസ്ഥരുടെ പിടിവാശി മൂലമാണെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. മാസവേതനം പതിനായിരം രൂപയാക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പകർച്ചവ്യാധികൾ തടയുന്നതിനായി പ്രവർത്തിക്കുന്ന ഈ വിഭാഗത്തിന് ആരോഗ്യസുരക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി.പി. പ്രേമ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എൽ.ഗീത, നേതാക്കളായ കെ.പി.മേരി, വി.വി. പ്രസന്നകുമാരി, എം.ബി. പ്രഭാവതി, രജനി മോഹൻ, സജികുമാരി, ഗീതാ ഗോപാൽ എന്നിവർ സംസാരിച്ചു.