കടയ്ക്കാവൂർ: ആറ്റിങ്ങൽ നിന്നും വർക്കല, ചിറയിൻകീഴ് ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വിവിധ ഭാഗങ്ങളിൽ നിന്നും ട്രെയിനിലെത്തുന്നവരാണ് ബസ് ജീവനക്കാരുടെ നിഷേധാത്മക നിലപാട് മൂലം കഷ്ടപ്പെടുന്നത്. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർക്ക് വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ എന്നിവിടങ്ങളിലേക്ക് നേരം വൈകിയാലും ബുദ്ധിമുട്ടില്ലാതെ സുരക്ഷിതമായി യാത്ര ചെയ്യുന്നതിനായി റെയിൽവേ സ്റ്റേഷൻ വരെ ബസുകൾ എത്തുന്നത് സഹായകരമായിരുന്നു. എന്നാൽ ഇപ്പോൾ പല ബസുകളും ഓവർബ്രിഡ്ജിനു മുകളിലെത്തി തിരിഞ്ഞു പോകുന്ന സ്ഥിതിയാണ്. വർക്കല നിന്ന് ചിറയിൻകീഴിലേക്ക് പോകുന്ന ഭൂരിഭാഗം ബസുകളും റെയിൽവേ സ്റ്റേഷനിലെത്താതെ ചെക്കാലവിളാകം ജംഗ്ഷനിൽ നിന്നും തിരിഞ്ഞു പോകുകയാണ്. വർക്കലയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന യാത്രക്കാരെ ചെക്കാലവിളാകം ജംഗ്ഷനിൽ നിർബന്ധിച്ച് ഇറക്കിവിടുന്ന പതിവുണ്ട്. ഇവർക്ക് റെയിൽവേ സ്റ്റേഷനിലെത്താൻ ഓട്ടോയെ ആശ്രയിക്കേണ്ട ഗതികേടാണ്. വീതികുറഞ്ഞ ഓവർബ്രിഡ്ജിന് മുകൾഭാഗത്ത് ബസുകൾ നിറുത്തുന്നത് പലപ്പോഴും അപകടങ്ങൾക്കും ട്രാഫിക് ബ്ളാേക്കിനും കാരണമാകുന്നുണ്ട്. ബ്രിഡ്ജിനു മുകളിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് കുറച്ചു ദൂരമേയുള്ളുവെങ്കിലും സമയനഷ്ടം പറഞ്ഞ് യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ട് കടന്നുകളയുകയാണ് സ്വകാര്യ ബസ് ജീവനക്കാർ. പലപ്പോഴും ഓവർബ്രിഡ്ജിന് മുകളിൽ ബസ് കാത്ത് നിൽക്കുന്ന വിദ്യാർത്ഥികളും യുവാക്കളും ഓവർബ്രിഡ്ജിന്റെ സംരക്ഷണ വേലിക്ക് മുകളിൽ കയറിയിരിക്കുകയാണ് പതിവ്. ചെറിയ ഒരു അശ്രദ്ധയുണ്ടായാൽ മുപ്പതടിയോളം താഴ്ചയിലേക്ക് വീണ് ജീവൻ നഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.റെയിൽവേ ബസ് സ്റ്റോപ്പ് സീറോ പോയിന്റായിട്ട് പോലും കൂടുതൽ ബസുകളും ഇവിടെയെത്തുന്നില്ല. ബസ് ജീവനക്കാരുടെ നടപടിയിൽ പൊലീസോ മോട്ടോർ വാഹന ഉദ്യോഗസ്ഥരോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് യാത്രക്കാരുടെ പരാതി. ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.
പ്രതികരണം
ബസ് ജീവനക്കാരുടെ നിഷേധാത്മകമായ പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
സജീർ.എ, സി.പി.ഐ ലോക്കൽ കമ്മിറ്റി മെമ്പർ
പ്രധാന പ്രശ്നങ്ങൾ
ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ
ഓവർബ്രിഡ്ജിന് മുകളിൽ ബസുകൾ നിറുത്തുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു
ട്രാഫിക് ബ്ളാേക്ക് പതിവ്
ബസ് കാത്ത് നിൽക്കുന്നവർ സംരക്ഷണ വേലിയിൽ കയറിയിരിക്കുന്നു.
അശ്രദ്ധയുണ്ടായാൽ മുപ്പതടിയോളം താഴ്ചയിലേക്ക് വീഴും.
caption: റെയിൽവേ സ്റ്റേഷനിലേക്ക് പോകാതെ ഓവർബ്രിഡ്ജ് ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കിവിടുന്ന ബസ്.