തിരുവനന്തപുരം: നിയമനത്തട്ടിപ്പുകളുടെ കേന്ദ്രമായി മാറിക്കഴിഞ്ഞ പി.എസ്.സിയുടെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കാൻ ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് നിഷ്പക്ഷരെ ഉൾപ്പെടുത്തിയുള്ള സമഗ്ര അഴിച്ചുപണിക്ക് സർക്കാർ തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. നിയമനത്തട്ടിപ്പുകളിൽ അന്വേഷണം നടത്തണം. ഭരണഘടനാസ്ഥാപനമായ പി.എസ്.സിയെ സംരക്ഷിക്കാൻ ഗവർണറുടെ അടിയന്തര ഇടപെടൽ വേണം. സർക്കാർ നടപടിയുണ്ടായില്ലെങ്കിൽ ഉദ്യോഗാർത്ഥികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയിൽ സുരേന്ദ്രൻ പറഞ്ഞു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പൊലീസ് നിയമനങ്ങളിൽ നേരത്തേ നടന്ന തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരാണ് ഇപ്പോഴത്തെ തട്ടിപ്പിലും പങ്കാളികൾ. സി.പി.എമ്മിന്റെ സംഘടനാപ്രവർത്തകർക്കെതിരെയാണ് ആരോപണമുയർന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് തർക്കത്തിൽ ആശങ്കയില്ല
സംസ്ഥാന ബി.ജെ.പിയിൽ ഗ്രൂപ്പ് തർക്കത്തെപ്പറ്റിയൊന്നും തനിക്ക് ആശങ്കയില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. മാദ്ധ്യമങ്ങളും ആശങ്കപ്പെടേണ്ടതില്ല. കാസർകോട്ടെ രവീശതന്ത്രി കുണ്ടാർ നല്ല നേതാവാണ്. ജില്ലാ പ്രസിഡന്റ് നിയമനത്തെച്ചൊല്ലി അദ്ദേഹത്തിനെന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും. അദ്ദേഹത്തിന് ധാരാളം അവസരങ്ങൾ പാർട്ടി നൽകിയിട്ടുണ്ട്. താൻ ചുമതലയേറ്റ ചടങ്ങിൽ കുമ്മനം രാജശേഖരൻ വിട്ടുനിന്നതിന് വ്യക്തമായ കാരണമുണ്ട്. അത് തനിക്ക് നല്ല ബോദ്ധ്യമുണ്ട്.
കുട്ടനാട് സീറ്റ് സംബന്ധിച്ച ചർച്ചയ്ക്ക് സമയമായിട്ടില്ല.
പാർട്ടി പുനഃസംഘടന പൂർത്തിയായിട്ടേ എൻ.ഡി.എയിൽ ഇതിന്റെ ചർച്ച തുടങ്ങൂ. അതിന് രണ്ടാഴ്ച സമയമെടുക്കും. മുന്നണിയിലേക്ക് പുതുതായി ആരൊക്കെ വരുമെന്നോ ആരൊക്കെ അതിൽ നിന്ന് പോകുമെന്നോ ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, പത്രപ്രവർത്തകയൂണിയൻ ഭാരവാഹികളായ സുരേഷ് വെള്ളിമംഗലം, ബി.അഭിജിത്, ജോയി നായർ എന്നിവർ സംബന്ധിച്ചു.