psc
പി.എസ്.സി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി അടക്കം രണ്ട് ഉദ്യോഗസ്ഥർ പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രം നടത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ, ദീർഘകാലമായി അവധിയിലുള്ള മറ്റ് സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ വിജിലൻസ് തേടും.

സെക്രട്ടേറിയറ്റിന് പുറമെ,,​ മറ്റ് സർക്കാർ ഓഫീസുകളിലെ ജീവനക്കാരും ഇത്തരത്തിൽ പി.എസ്.സി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ​ ഉദ്യോഗസ്ഥരിൽ പലരും പല പരിശീലന കേന്ദ്രങ്ങളിലും ക്ളാസ്സെടുക്കുകയും തൊഴിൽ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും മറ്റും എഴുതുകയും ചെയ്യുന്നുണ്ട്. . ഉദ്യോഗസ്ഥർക്ക് അവധിയെടുത്ത് സ്വകാര്യ ജോലി ചെയ്യുന്നതിന് തടസമില്ല. എന്നാൽ അക്കാര്യം മേലധികാരിയെ അറിയിച്ച് അനുമതി വാങ്ങിയിരിക്കണമെന്നാണ് ചട്ടം.

സർക്കാർ ജോലിയിലിരിക്കെ സാമ്പത്തിക ലാഭത്തിന് വേണ്ടി സ്വകാര്യ ജോലി ചെയ്യുന്നത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ദീർഘകാല അവധിയെടുത്തവർ പോലും തങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടി ജോലി ചെയ്യുകയാണെങ്കിൽ അക്കാര്യം സർക്കാരിനെ അറിയിക്കണം. തലസ്ഥാനത്ത് ലക്ഷ്യ എന്ന പരിശീലന കേന്ദ്രം നടത്തുന്ന പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥൻ ഷിബു കെ. നായർ 2013 മുതൽ ദീർഘകാല അവധിയിലാണ്. എന്നാൽ,​ പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവരം സർക്കാരിനെ അറിയിച്ചിട്ടില്ലെന്നാണ് സൂചന. സർക്കാരിനെ അറിയിക്കാതെ പി.എസ്.സി പരീക്ഷാപരിശീലന കേന്ദ്രത്തിൽ പഠിപ്പിച്ചതിന് രഞ്ജൻ രാജിനോട് പൊതുഭരണ വകുപ്പ് വിശദീകരണം തേടി.