nigraham-19

''ആ ചെകുത്താൻ എന്തുപറഞ്ഞു?" മാളവിക, സിദ്ധാർത്ഥിന്റെ കണ്ണുകളിലേക്കു നോക്കി.

അയാൾ പറഞ്ഞതെല്ലാം പറഞ്ഞില്ല സിദ്ധാർത്ഥ്. കുറച്ചൊക്കെ മറച്ചു. വെറുതെ മാളവികയെ ഭയപ്പെടുത്തേണ്ടല്ലോ...

മാളവിക ചിന്തയോടെ നിന്നു.

''ആരാ മോളെ അവിടെ?" അകത്തുനിന്ന് ഒരു സ്ത്രീ ശബ്ദം.

''ഇന്നലെ വന്ന ഓട്ടോക്കാരൻ ചേട്ടനാ." പറഞ്ഞിട്ട് അവൾ സിദ്ധാർത്ഥിന്റെ നേരെ തിരിഞ്ഞു.

''അമ്മയാ... അമ്മയ്ക്കാ സങ്കടം. എന്റെ കല്യാണം നടക്കാത്തതിൽ. ഇന്ന് ജലപാനം പോലും നടത്തിയിട്ടില്ല."

''ഞാനൊന്നു കണ്ടോട്ടെ." ചോദിച്ചുകൊണ്ട് അവളുടെ അനുവാദത്തിനു കാക്കാതെ സിദ്ധാർത്ഥ് അകത്തു കയറി.

ഒരു പായിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു ചന്ദ്രിക.

സിദ്ധാർത്ഥിനെ കണ്ട് അവർ എഴുന്നേറ്റിരുന്നു.

''ഞാൻ കാപ്പിയിടാം." പറഞ്ഞിട്ട് മാളവിക ഉൾവലിഞ്ഞു.

സിദ്ധാർത്ഥ് ഒരു പഴയ കസേരയിൽ ഇരുന്നു.

''അമ്മയിങ്ങനെയായാൽ മാളവികയ്ക്ക് സങ്കടം കൂടുകയല്ലേയുള്ളു? എഴുന്നേറ്റ് വല്ലതും കഴിക്ക്."

അവൻ അലിവോടെ പറഞ്ഞു.

ചന്ദ്രിക ഒന്നു തേങ്ങി.

''ഇന്ന് ഈ സമയത്ത് ഭർത്താവിന്റെ വീട്ടിൽ ഇരിക്കേണ്ട പെണ്ണാ... ഒരമ്മയുടെ ഉള്ളിലെ തീ മോന് മനസി​ലാകുമോ?"

''തീർച്ചയായും...." സിദ്ധാർത്ഥ് കാക്കി ഷർട്ടിന്റെ ഒരു ബട്ടൻ വിടർത്തിയിട്ടു.

''എനിക്കും ഉണ്ടല്ലോ ഒരമ്മ. പക്ഷേ ഇവിടെ മാളവിക കരയുന്നില്ലെന്നേയുള്ളു. അവളുടെ ഉള്ളിലെ സങ്കടം ആ മുഖത്തു നോക്കിയാൽ മനസ്സിലാകും. ഈ സമയത്ത് അമ്മയും കൂടി ഇങ്ങനെയായാൽ അവൾക്കു പ്രയാസം കൂടുകയല്ലേയുള്ളു?"

ഉത്തരം നൽകിയില്ല ചന്ദ്രിക.

അടുക്കളയിൽ നിന്ന് സിദ്ധാർത്ഥ് പറഞ്ഞതൊക്കെ ശ്രദ്ധിക്കുകയായിരുന്നു മാളവിക. അറിയാതെ അവളുടെ കണ്ണുകളും നിറഞ്ഞുതൂവി.

കടും കാപ്പിയുമായി അവൾ തിരികെ വരുമ്പോൾ, സിദ്ധാർത്ഥ് പറഞ്ഞിട്ടോ എന്തോ... ചന്ദ്രിക എഴുന്നേറ്റ് പായ ചുരുട്ടി വച്ചിരുന്നു.

കാപ്പി ഗ്ളാസ് അവൾ അവനു നീട്ടി.

''ബ്ലാക്ക് കോഫിയാ. പാൽ ഇരിപ്പില്ല."

''ഇതാ എനിക്കും ഇഷ്ടം."

പറഞ്ഞുകൊണ്ട് സിദ്ധാർത്ഥ് ഗ്ളാസ് വാങ്ങി. കയ്യിൽ വച്ച് മെല്ലെ തിരിച്ചുകൊണ്ട് പതുക്കെ കുടിച്ചു.

മാളവികയ്ക്കും അവനുമിടയിൽ പെട്ടെന്നു മൗനത്തിന്റെ മതിൽക്കെട്ട് ഉയർന്നു.

സിദ്ധാർത്ഥ് കാപ്പി കുടിച്ചുതീർത്ത് ഗ്ളാസ് മടക്കി നൽകി.

''ഇനിയെന്താ മാളവികയുടെ പരിപാടി? അതായത് എന്തെങ്കിലും ജോലി വേണ്ടേ?"

''വേണം. നാളെ മുതൽ അതിനായുള്ള അലച്ചിൽ തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാ. ഷാജി ചെങ്ങറയുടെ കണ്ണെത്താത്ത എവിടെയെങ്കിലും വേണമല്ലോ..." അവൾ നിശ്വസിച്ചു.

''ഞാനും കൂടി ഒന്നു ശ്രമിച്ചു നോക്കാം. തനിക്കതിൽ വിരോധമില്ലല്ലോ."

''എന്ത് വിരോധം?" മാളവിക മന്ദഹസിച്ചു.

''മുങ്ങിച്ചാകാൻ പോകുന്നവർക്ക് ഒരു വൈക്കോൽ തുമ്പുകിട്ടിയാലും അത് പിടിവള്ളിയല്ലേ?"

സിദ്ധാർത്ഥ് എഴുന്നേറ്റു.

''അപ്പോൾ ഞാൻ ഇറങ്ങുന്നു."

''എന്റെ ഫോൺ നമ്പർ വേണ്ടേ?" അവൾ പെട്ടെന്നു തിരക്കി.

''വേണോ?" കുസൃതി തിങ്ങി ആ ചോദ്യത്തിൽ.

''അല്ലാ..." മാളവിക പരുങ്ങി.

''വല്ല ജോലിയും എനിക്ക് തരപ്പെട്ടാൽ അറിയിക്കാൻ..."

''നമ്പരൊക്കെ ഞാൻ ഇന്നലയേ എടുത്തു. തന്റെ ഫോണിൽ നിന്ന് എന്റെ ഫോണിലേക്ക് കാൾ അയച്ചിട്ട്. പിന്നെ എന്റെ നമ്പരും തന്റെ ഫോണിൽ സേവു ചെയ്തിട്ടുണ്ട്."

''ഊം..." മാളവിക ഈണത്തിൽ ഒന്നു മൂളി.

ഓട്ടോയ്ക്കരുകിൽ അവന്റെയൊപ്പം അവളും ചെന്നു.

പെട്ടെന്ന് ഓർത്തതുപോലെ സിദ്ധാർത്ഥ് പറഞ്ഞു:

''എന്റെ അമ്മ തന്നോട് അന്വേഷണമറിയിക്കാൻ പറഞ്ഞിട്ടുണ്ട്."

''അതിന് ചേട്ടന്റെ അമ്മയ്ക്ക് എന്നെ അറിയാമോ?"

മാളവികയ്ക്കു പിന്നെയും വിസ്മയം.

''ഇന്നലെ അറിഞ്ഞു."

അവൻ ഓട്ടോ സ്റ്റാർട്ടു ചെയ്തു. പിന്നെയും എന്തോ പറയുവാൻ ഉള്ളതു മറന്നതു പോലെ ഒരു നിമിഷം കൂടി കാത്തു. ശേഷം കണ്ണുകൾകൊണ്ട് യാത്രാനുമതി തേടിയിട്ട് വിട്ടുപോയി.

ഓട്ടോ ഇറക്കത്തിൽ മറയുന്നതുവരെ മാളവിക നോക്കിനിന്നു.

****

തന്റെ ജുവലറിയിൽ മടങ്ങിയെത്തിയ ഷാജി ചെങ്ങറ വിശ്വസ്തരായ രണ്ടുപേരെ വിളിച്ച് സി.ഐ ഇഗ്‌നേഷ്യസിന്റെ താമസം എവിടെയെന്ന് തിരക്കിവരുവാൻ ആവശ്യപ്പെട്ടു.

ഇഗ്‌നേഷ്യസ് കോന്നിയിൽ എത്തിയിട്ട് ഒരു മാസം കഴിഞ്ഞതേയുള്ളു.

പുറത്തുപോയ അവർ ഇരുവരും ഒരു മണിക്കൂറിനുള്ളിൽ മടങ്ങിയെത്തി.

തന്റെ ക്യാബിനിൽ കാത്തിരിക്കുകയായിരുന്നു ഷാജി.

ജുവലറിയിൽ ഒരുവിധം തിരക്കുണ്ട്. വിവാഹാവശ്യത്തിന് സ്വർണ്ണം എടുക്കുവാൻ വന്ന ഒരു കൂട്ടരുണ്ട് അവിടെ.

''സാർ..." മടങ്ങിവന്ന ജീവനക്കാർ ക്യാബിനിൽ കയറി അറിയിച്ചു. ''ഇവിടെ അടുത്താ ആ സി.ഐ താമസിക്കുന്നത്. ചിറ്റൂർ മുക്കിൽ..."

''വീട്ടിൽ ആരൊക്കെയുണ്ട്?"

''ആരുമില്ല. അയാളും ഒരു ജോലിക്കാരൻ ഉള്ളത് പകൽ മാത്രവും. അവിടെ വലതുഭാഗത്ത് നിറയെ 'കൊക്കോ" ചെടികൾ ഉള്ള മതിൽക്കെട്ടുള്ള ഒരു വീടില്ലേ.. അതുതന്നെ."

ഒരാൾ തന്റെ മൊബൈലിൽ എടുത്ത വീഡിയോ ക്ളിപ്പിംഗ് ഷാജി ചെങ്ങറയെ കാണിച്ചു.

അതുനോക്കി ഷാജി മീശയിൽ ഒന്നു തടവി.

ആ വീട് തനിക്ക് അറിയാം എന്ന് അയാൾ ഓർത്തു.

''ശരി. നിങ്ങൾ പൊയ്‌ക്കൊള്ളൂ." ഷാജി​യുടെ അനുവാദം കി​ട്ടി​യതേ ഗ്ളാസ് ഡോർ തുറന്ന് ജോലി​ക്കാർ പോയി​.

അപ്പുറത്ത് മാലകൾ ഓരോന്നായി​ എടുത്ത് കഴുത്തി​ൽ വച്ച് മി​ററി​ൽ നോക്കുന്ന സുന്ദരി​യായ യുവതി​ ഷാജി​യുടെ കണ്ണുകളി​ൽ പതി​ഞ്ഞു നി​ന്നു.

(തുടരും‌)