കൊട്ടുംഘോഷവുമായി നടന്ന ആദ്യ കെ.എ.എസ് പരീക്ഷയെ വിദൂരമായെങ്കിലും സംശയ നിഴലിലാക്കുന്ന ചില സംഭവങ്ങളാണ് ഏതാനും സർക്കാർ ഉദ്യോഗസ്ഥന്മാരുമായി ബന്ധപ്പെട്ട് അഴിമതി നിരോധന വകുപ്പ് ആരംഭിച്ചിട്ടുള്ള അന്വേഷണം. ശനിയാഴ്ച നടന്ന കെ.എ.എസ് ആദ്യഘട്ട പരീക്ഷ 3.84 ലക്ഷം ഉദ്യോഗാർത്ഥികൾ എഴുതി എന്നാണ് കണക്ക്. നാലുലക്ഷത്തിലേറെപ്പേർ അപേക്ഷ നൽകിയിരുന്നെങ്കിലും പരീക്ഷാ സമയമായപ്പോൾ കാൽലക്ഷത്തോളം പേർ പിന്മാറി. പരീക്ഷ കടുകട്ടിയായി അനുഭവപ്പെട്ട കുറേപ്പേർ രണ്ടാംപേപ്പർ എഴുതാൻ നിൽക്കാതെ വീടുകളിലേക്ക് മടങ്ങുകയാണുണ്ടായത്. മത്സരപ്പരീക്ഷ തന്നെ വലിയൊരു പരീക്ഷണമാകുമ്പോൾ ഉദ്യോഗാർത്ഥികളിൽ ഭൂരിപക്ഷം പേരെയും വലയ്ക്കുന്ന വിധത്തിൽ ചോദ്യങ്ങൾ തയ്യാറാക്കിയ വിദഗ്ദ്ധസംഘം വിമർശന വിധേയമായിക്കഴിഞ്ഞു.
കെ.എ.എസ് പരീക്ഷയുടെ കടുപ്പമല്ല ഇവിടെ ചർച്ചാവിഷയം. പരീക്ഷ നടന്നതിന്റെ തൊട്ടടുത്ത ദിവസം തലസ്ഥാനത്തെ രണ്ട് പി.എസ്.സി കോച്ചിംഗ് സെന്ററുകളിൽ വിജിലൻസ് പരിശോധന നടന്നു. അത്യസാധാരണമായ ഇൗ നടപടിയുടെ പിന്നാമ്പുറകഥകൾ കേൾക്കാൻ അത്ര സുഖമുള്ളതല്ല. സെക്രട്ടേറിയറ്റിലെ രണ്ട് ഉദ്യോഗസ്ഥന്മാർ നടത്തുന്ന കോച്ചിംഗ് സെന്ററുകളെക്കുറിച്ച് പി.എസ്.സി ചെയർമാന് പരാതി ലഭിച്ചിരുന്നു. ചെയർമാൻ പ്രസ്തുത പരാതി സർക്കാരിന് കൈമാറി. അതിന്റെ അടിസ്ഥാനത്തിലായിരുന്നു അഴിമതി നിരോധന വകുപ്പിന്റെ റെയ്ഡ്. സർക്കാർ ഉദ്യോഗത്തിൽ പ്രവേശിക്കുന്നവർ മറ്റു യാതൊരു തൊഴിലുകളിലും ഏർപ്പെടുകയോ പ്രതിഫലം പറ്റുന്ന ഏതെങ്കിലും സംരംഭത്തിൽ പങ്കുചേരുകയോ പാടില്ലെന്നാണ് സർവീസ് ചട്ടം. വിജിലൻസുകാർ റെയ്ഡ് ചെയ്ത രണ്ട് സ്ഥാപനങ്ങളുടെയും നടത്തിപ്പിന് പിന്നിൽ പൊതുഭരണ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരാണത്രെ ഉള്ളത്. ഇൗ സർക്കാർ ബന്ധം തന്നെയാകാം സ്ഥാപനങ്ങളുടെ പ്രധാന തുറുപ്പുചീട്ടായി മാറിയതും. പി.എസ്.സി മത്സര പരീക്ഷകൾക്ക് ചോദിക്കാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി ഇവർ തയ്യാറാക്കുന്ന മാതൃകാ ചോദ്യപേപ്പറുകൾ ഉദ്യോഗാർത്ഥികൾക്കിടയിൽ ഏറെ വിശ്വാസ്യതയും ആധികാരികതയും ജനിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഉയർന്ന ഫീസായിട്ടും വളരെയധികം പേർ കോച്ചിംഗിനായി ഇൗ സ്ഥാപനങ്ങളിൽ ചേരുന്നത് സാധാരണമാണ്. വിജിലൻസ് സംഘം പരിശോധനയ്ക്കെത്തുന്ന സമയത്ത് ഫയർ ഫോഴ്സിലെ ഒരുദ്യോഗസ്ഥൻ ഉദ്യോഗാർത്ഥികൾക്ക് ക്ളാസെടുത്തു കൊണ്ടിരിക്കുകയായിരുന്നു. വലിയ പാതകമായി ഇതൊന്നും കാണാനാവില്ലെങ്കിലും സർവീസ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടു നടത്തുന്ന ഇത്തരം പ്രവൃത്തികൾ സർക്കാർ ദൃഷ്ടിയിൽ വലിയ അപരാധം തന്നെയാണ്.
സർക്കാർ ജീവനക്കാർ കോച്ചിംഗ് സ്ഥാപനങ്ങൾ നടത്തുന്നതോ അവിടെ ക്ളാസെടുക്കുന്നതോ മാത്രമല്ല ജനങ്ങളുടെ കണ്ണിൽ സംശയാസ്പദമാകുന്നത് . പി.എസ്.സിയിലും അതിന്റെ പരീക്ഷാ വിഭാഗത്തിലും ഇത്തരക്കാർക്ക് പ്രത്യക്ഷമായും പരോക്ഷമായും ചെലുത്താൻ കഴിയുന്ന വലിയ സ്വാധീനമാണ് ഗൗരവമായി പരിഗണിക്കേണ്ട കാര്യം. അല്ലെങ്കിൽത്തന്നെ പല പി.എസ്.സി മത്സരപ്പരീക്ഷകൾ കഴിയുമ്പോഴും പരാതികളുടെയും സംശയങ്ങളുടെയും ഘോഷയാത്രയാണ്. സ്വകാര്യ കോച്ചിംഗ് സെന്ററുകൾ പുറത്തിറക്കാറുള്ള ഗൈഡുകളിലെ ചോദ്യങ്ങൾ അതേപടി പി.എസ്.സി ചോദ്യക്കടലാസിൽ പ്രത്യക്ഷപ്പെട്ട എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. ശനിയാഴ്ച നടന്ന കെ.എ.എസ്. പരീക്ഷയെക്കുറിച്ച്, റെയ്ഡിന് വിധേയമായ സ്ഥാപനങ്ങളെ ബന്ധപ്പെടുത്തിയും ഇതിനകം ചില പരാതികൾ വന്നുകഴിഞ്ഞു. വിശദമായ അന്വേഷണത്തിലൂടെയേ അവയുടെ നിജസ്ഥിതി പുറത്തു കൊണ്ടുവരാനാകൂ.
കേരളത്തിൽ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും കോച്ചിംഗ് കേന്ദ്രങ്ങളും പൊതു റിക്രൂട്ട്മെന്റിനുള്ള സ്ഥാപനങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളെക്കുറിച്ച് സമീപകാലത്ത് ധാരാളം വാർത്തകൾ വന്നിട്ടുണ്ട്. പബ്ളിക് സർവീസ് കമ്മിഷനുകളെ മറയാക്കി ഉദ്യോഗത്തട്ടിപ്പു സംഘങ്ങൾ പലേടത്തും തഴച്ചു വളരുകയാണ്. ആൾമാറാട്ടം നടത്തിയും പരീക്ഷയിൽ കൃത്രിമങ്ങൾ കാണിച്ചും റാങ്ക് ലിസ്റ്റുകളിൽ തിരിമറി നടത്തിയും ചുളുവിൽ സർക്കാർ സർവീസുകളിൽ കയറിപ്പറ്റുന്നവരുടെ സിനിമയെ വെല്ലുന്ന കഥകൾ സർവസാധാരണമായിട്ടുണ്ട്.
സെക്രട്ടേറിയറ്റിന് വിളിപ്പാടകലെയായിട്ടും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ നടത്തുന്ന കോച്ചിംഗ് സെന്ററുകളെക്കുറിച്ചറിയാൻ കെ.എ.എസ്. പരീക്ഷ കഴിയും വരെ കാത്തിരിക്കേണ്ടിവന്നു എന്നത് വിചിത്രമാണ്. ഉദ്യോഗാർത്ഥികൾ പി.എസ്.സി ചെയർമാന് പരാതി നൽകിയില്ലായിരുന്നുവെങ്കിൽ അതേസ്ഥിതി തുടരുമായിരുന്നു. വലിയ സംവിധാനങ്ങളും പലേടത്തും ശാഖകളുമുള്ള ഇൗ കോച്ചിംഗ് സ്ഥാപനങ്ങൾ വലിയ വരുമാനമാണ് ഉണ്ടാക്കുന്നത്. 'പിടിപാടുകളുള്ള" സ്ഥാപനമെന്ന നിലയ്ക്ക് ഉദ്യോഗാർത്ഥികളെ കൂട്ടത്തോടെ ആകർഷിക്കാനും അവയ്ക്ക് കഴിഞ്ഞിരുന്നു. ഏതെങ്കിലും പ്രസിദ്ധീകരണശാല ഇറക്കുന്ന ഏതെങ്കിലുമൊരു ഗൈഡ് വാങ്ങി പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന പഴയ കാലമല്ല ഇത്. പി.എസ്.സി കോച്ചിംഗ് പ്രത്യേക പഠനശാഖയായി വളർന്നു കഴിഞ്ഞിരിക്കുന്നു. പതിനായിരങ്ങളല്ല ലക്ഷം രൂപവരെ ഫീസ് ഇൗടാക്കുന്ന കേന്ദ്രങ്ങൾക്കാണ് ഏറെ പ്രിയം. അപ്പോഴും എല്ലാ രംഗത്തുമെന്ന പോലെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് അവസരങ്ങൾ എത്തിപ്പിടിക്കാനാവാതെ ജീവിതവഴിയിൽ പിന്തള്ളപ്പെടുന്നത്. മേലെക്കിടയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ നടത്തുന്ന വിജ്ഞാനക്കച്ചവടവും അഴിമതിയുടെ വകുപ്പിൽ പെടുത്താവുന്നതാണ്.