കിളിമാനൂർ: പശ്ചാത്തല മേഖലയ്ക്ക് മുൻ തൂക്കം നൽകിക്കൊണ്ടുള്ള പഴയകുന്നുമ്മൽ പഞ്ചായത്ത് ബഡ്ജറ്റിന് അംഗീകാരം. പഴയകുന്നുമ്മൽ പഞ്ചായത്തിൽ നടന്ന ബജറ്റ് ചർച്ചയിൽ പ്രസിഡന്റ് പി. ലാലി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ ബഡ്ജറ്റ് അവതരിപ്പിച്ചു. 26,41,66,610 രൂപ വരവും, 24,78, 99, 960 ചെലവും 1,62,66, 650 മിച്ചവും വരുന്നതാണ് ബഡ്ജറ്റ്. പശ്ചാത്തല മേഖലയിൽ 6 കോടി 35 ലക്ഷവും, സേവന മേഖലയ്ക്ക് 66,82,890 രൂപയും, ഉല്പാദന മേഖലയ്ക്ക് 1,23, 31,000 രൂപയും വകയിരുത്തി. പശ്ചാത്തല മേഖലയിൽ റോഡുകൾക്ക് 2 കോടി 30 ലക്ഷം ചെലവിടും. പഞ്ചായത്തിലെ പൊതുകെട്ടിടങ്ങൾക്കായി ഒരുകോടി 96 കോടിയും, കുടിവെള്ള- മാലിന്യ സംസ്കരണ നിർമ്മിതികൾക്കായി 73 ലക്ഷവും, പാലങ്ങൾ, കലുങ്കുകൾ, ചപ്പാത്തുകൾ എന്നിവയ്ക്കായി 60 ലക്ഷവും ചെലവിടും. സേവന മേഖലയിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 2 കോടി 40 ലക്ഷവും ഭവന നിർമാണത്തിനായി ഒരു കോടി 9 ലക്ഷവും ചെലവിടും. കിഫ്ബിയുടെ ഫണ്ടിൽ നിന്നും 3 കോടി രൂപ ചെലവിട്ട് കിളിമാനൂർ ചന്തയിൽ ആധുനിക രീതിയിൽ മത്സ്യ വിപണന സൗകര്യവും മറ്റ് അനുബന്ധന വികസനവും നടത്തും. സർക്കാർ ഫണ്ട് ഉപയോഗിച്ച് 12 കോടി രൂപ ചെലവിട്ട് തട്ടത്തുമല - ചാറയം റോഡ് നവീകരിക്കും. 1.1 കോടി രൂപ ചെലവിട്ട് നെല്ലിക്കാട്, ചെക്കട്ടുമൂല, പുലിപ്പാറ, പറണ്ടക്കുഴി, കേളന്റെ മൂല, വണ്ടനൂർ - ഇടക്കുന്നിൽ, വരിക്കപ്പള്ളിക്കോണം, നെടുമ്പാറ ലക്ഷം വീട്കോളനി, മൂൂന്നാംകുഴി എന്നീ പട്ടികജാതി കോളനികളിൽ കുടിവെള്ള പദ്ധതി നടപ്പാക്കും.