കല്ലമ്പലം: തോട്ടിൽ മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തന്നൂർ മീനാട് കിഴക്കിൻകര പ്ലാവിള വീട്ടിൽ പരേതനായ ഭാസ്ക്കരന്റെയും കുഞ്ഞുകുട്ടിയുടെയും മകൻ നാവായിക്കുളം ചിറ്റായിക്കോട് പാറക്കെട്ടിൽ വീട്ടിൽ ബാബു (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ അഞ്ചോടെ വീട്ടിൽ നിന്ന് 200 മീറ്റർ അകലെ ഒഴുക്കില്ലാത്ത തോട്ടിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. പാചകത്തിനും, കൂലിപ്പണിക്കും മറ്റും പോകുന്ന ഇയാൾ രാത്രി വൈകിയാണ് വീട്ടിലെത്താറുള്ളത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വന്നിരുന്നില്ല. വീട്ടിലേക്കു വരുന്നവഴി കാൽവഴുതി വീണ് തോട്ടിലെ പാറയിൽ ഇടിച്ച് മരിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് നാലുമണിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്. ഭാര്യ: ശകുന്തള. മക്കൾ: അനീഷ, രാജിമോൾ. മരുമകൻ: തുളസി.
ചിത്രം
ബാബു