നെയ്യാറ്റിൻകര: രാമേശ്വരം പാലക്കടവ് പാലം ജീർണാവസ്ഥയിലായിട്ട് കാലങ്ങൾ ഏറെയായി. അമരവിള ചെക്ക് പോസ്റ്റ് വെട്ടിച്ച് എത്തുന്ന വാഹനങ്ങൾ ഇതു വഴി രാത്രികാലങ്ങളിൽ സ്ഥിരമായി കടന്നു പോകുന്നത് കാരണമാണ് പാലത്തിന് ബലക്ഷയം സംഭവിച്ചതെന്നാണ് നാട്ടുകാരുടെ പരാതി. പാലത്തിലൂടെ അമിതഭാരം കയറ്റിയ ലോറിയുടെ ഓട്ടം നിരോധിച്ചു കൊണ്ടുള്ള ലോകായുക്തയുടെ വിധി മറികടന്നാണ് രാത്രികാലങ്ങളിൽ പാലത്തിലൂടെ ലോറികളുടെ നിലയ്ക്കാത്ത പ്രവാഹം. അമിതഭാരം കയറ്റിയ ലോറികൾ ഇതുവഴി പോകുരുതെന്ന് റോഡരുകിൽ പി.ഡബ്ല്യു.ഡി അധികൃതർ സ്ഥാപിച്ചിരുന്ന ബോർഡും നിയമം ലംഘിക്കുന്ന വാഹനങ്ങളെ പിടികൂടുവാനായി പാലക്കടവ്ചെക്ക് പോസ്റ്റിന് സമീപം സ്ഥാപിച്ചിരുന്ന ഇരുമ്പ് ക്രോസ് കമ്പികളും നശിപ്പിച്ച നിലയിലാണ്. ലോറികളുടെ വരവ് കൂടിയതേടെ പാലക്കടവ് കോടതി റോഡിലൂടെയാണ് ടൗണിലേക്കുള്ള ശുദ്ധജല വിതരണ പൈപ്പുകൾ പൊട്ടുന്നത് പതിവാണ്. പലപ്പോഴായി നാട്ടുകാർ ഇതിനെതിരെ പരാതി നൽകിയെങ്കിലും രാത്രികാല വണ്ടിയോട്ടത്തിന് ഇതേ വരെ പരിഹാരമായിട്ടില്ല.പാലത്തിലൂടെയുള്ള ലോറികളുടെ യാത്ര നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ഇന്നലെ രാമേശ്വരം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോറികളെ ഉപരോധിച്ചു. ഒടുവിൽ നെയ്യാറ്റിൻകര എസ്.ഐ. സെന്തിൽകുമാറിന്റെയും പി.ഡബ്ലിയു.ഡി ബ്രിഡ്ജസ് എ.ഇയുടെയും നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ പാലത്തിന് ഇരുവശവും ഇരുമ്പ് ക്രോസ് കമ്പികൾ ഒരു മാസത്തിനകം സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകി. തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
മാരായമുട്ടം ഇരുമ്പിൻ പ്രദേശത്തുള്ളവർ അമരവിള വഴി 8 കി.മീ ചുറ്റിയാണ് നെയ്യാറ്റിൻകര ടൗണിൽ എത്തിയിരുന്നത്. ഇത് ഒഴിവാക്കാൻ വേണ്ടി 2002ൽ യു.ഡി.എഫ് സർക്കാർ പാലം നാട്ടുകാർക്കായി തുറന്നുകൊടുത്തു. അന്നേ അമിതഭാരം കയറ്റി വാഹനങ്ങൾ പാലത്തിലൂടെ പോകരുതെന്ന് പി.ഡബ്ല്യൂ.ഡി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അതെല്ലാം കാറ്റിൽ പറത്തിയാണ് ലോറികളുടെ യാത്ര.
ഉപരോധത്തിന് ശേഷം നടന്ന ബഹുജനധർണ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ: കൊല്ലംകോട് അജിത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് എച്ച്. അജയ് മോഹനകുമാർ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ലു.ആർ. ഹീബ, മുൻസിപ്പൽ കൗൺസിലർമാരായ ഗ്രാമം പ്രവീൺ, ആർ. അജിത, ആർ.സജിത, പുഞ്ചക്കരി സുരേന്ദ്രൻ, മഞ്ചത്തല സുരേഷ്, എൻ.ആർ.സി.നായർ, എസ്.കെ. ജയകുമാർ, വി. കേശവൻകുട്ടി, അവനീന്ദ്രകുമാർ, അഡ്വ. പി.സി. പ്രതാപ്, കെ.ആർ. മാധവൻകുട്ടി, അമരവിള സുദേവകുമാർ, അനിൽകുമാർ ജോൺ,സുകേശൻ, രവീന്ദ്രൻ എന്നിവർ സംസരിച്ചു. എസ്.വി. സാജൻ, രാമേശ്വരം ഹരി, ചന്ദ്രശേഖരൻ നായർ, സനൽകുമാർ, ശ്രീകുമാർ, ശിവകുമാർ, വെള്ളറട സന്തോഷ്കുമാർ, അജികുമാർ, കിഷോർ കുമാർ, ശ്രീകാന്ത്, രമേഷ്കുമാർ മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തി.