th-ada

വാമനപുരം: വേനൽ കഠിനമായതോടെ വാമനപുരം നദിയിലും ചിറ്റാറിലും ജലമൊഴുക്ക് നിലച്ച അവസ്ഥയാണ്. ഇരു നദികളെയും ആശ്രയിച്ചുള്ള ഒരു ഡസനിൽ ഏറെയുള്ള കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിലാകുന്ന സ്ഥിതിയായി.

വാമനപുരം നദിയിലും ചിറ്റാറിലും തടയണകൾ നിർമ്മിക്കാം എന്ന അധികൃതരുടെ ഉറപ്പ് ജലരേഖേ പോലെയായി.

ഓരോ വേനൽക്കാലം ആകുമ്പോഴും വാട്ടർ അതോറിട്ടി മുളയും ചാക്കും മണലും നിറച്ച് താല്കാലിക തടയണ നിർമിക്കുകയും അടുത്ത വേനൽ കാലത്തിന് മുൻപായി സ്ഥിരമായി തടയണ നിർമ്മിക്കാം എന്നാണ് പറയാറ്. ഇപ്രാവശ്യവും ഇത്തരത്തിൽ പതിനായിരങ്ങൾ മുടക്കി താലകാലിക തടയണ നിർമ്മിച്ചിട്ടുണ്ട്.

ആറ്റിങ്ങൽ പൂവമ്പാറ താല്ക്കാലിക തടയണ നിർമ്മിച്ചിട്ടുണ്ടങ്കിലും ജലമൊഴുക്ക് നിലച്ചതോടെ കുടിവെള്ള വിതരണം മുടങ്ങും എന്ന സ്ഥിതിയിലാണ്. കിളിമാനൂർ ടൗണിലും പരിസര പ്രദേശങ്ങളിലും ആറു പതിറ്റാണ്ടിലേറെയായി കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയും ചിറ്റാർ വറ്റി വരണ്ടതോടെ തടസപ്പെടുന്ന അവസ്ഥയിലാണ്. ചിറ്റാറിലും തടയണ നിർമ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചിറ്റാറിലും പമ്പിംഗ് നടക്കുമ്പോൾ എയർ കയറുന്നതിനാൽ പമ്പിംഗ് നിറുത്തേണ്ട അവസ്ഥ നിലവിലുണ്ട്. ഇത് കാരണം പമ്പിംഗ് നടത്തുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിനാൽ ഒന്നിരാടം ഒക്കെ മാത്രമെ കുടിവെള്ള വിതരണം നടക്കുകയുള്ളൂ. ഇത് ഡൗണിലും പരിസരത്തുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. ഇക്കണക്കിന് വേനൽ നിലനിന്നാൽ ഒരാഴ്ചക്കകം പല കുടിവെള്ള പദ്ധതികളും പ്രവർത്തന രഹിതമാകും.