വർക്കല: പാലച്ചിറ റോഡുവക്കിലെ അനധികൃതചന്തയിൽ നിന്ന് റോഡിലേക്കൊഴുകിയ മീൻവെളളത്തിൽ തെന്നിവീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. വർക്കല ചിലക്കൂർ സ്വദേശി ഷിബിനാ (22) ണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 7.30ന് പാലച്ചിറ ജംഗ്ഷനിലായിരുന്നു അപകടം. വടശ്ശേരിക്കോണത്തെ ബന്ധുവീട്ടിൽപ്പോയി മടങ്ങി വരികയായിരുന്നു ഷിബിനും സഹോദരനും. പാലച്ചിറ ജംഗ്ഷനിലെത്തിയപ്പോൾ മീൻ വെളളത്തിൽ തെന്നി ഷിബിനും സഹോദരനും വീണു. ഷിബിന് ശരീരമാസകലം പരിക്കേറ്റു. നാട്ടുകാരാണ് യുവാവിനെ വർക്കല താലൂക്കാശുപത്രിയിൽ എത്തിച്ചത്. തിരക്കേറിയ നാൽക്കവലയാണ് പാലച്ചിറ ജംഗ്ഷൻ. നാല് റോഡുകൾ സന്ധിക്കുന്ന ഇവിടെ കവലയോട് ചേർന്നാണ് മത്സ്യവില്പന.