തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ വെൽഫെയർ പാർട്ടി 'ഒക്കുപ്പൈ രാജ്ഭവൻ' എന്ന പേരിൽ സംഘടിപ്പിക്കുന്ന 30 മണിക്കൂർ രാജ്ഭവൻ ഉപരോധം ഇന്ന് ആരംഭിക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന ഉപരോധം ഡൽഹി ഷാഹീൻബാഗിലെ ഏറ്റവും പ്രായം കൂടിയ സമര നായിക അസ്മ ഖാത്തൂൻ (90) ഉദ്ഘാടനം ചെയ്യും.

ഷാഹീൻബാഗിലെ സമരത്തിന്റെ അമ്മൂമ്മമാരെന്ന് അറിയപ്പെടുന്ന 82കാരി ബൽകീസ്, 75 വയസുള്ള സർവാരി എന്നിവരും ജാമിയ മിലിയ സമരമുഖം ആയിശാ റെന്നയും മുഖ്യാതിഥികളാകും. വിവിധ സെഷനുകളിലായി വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ് ക്യു.ആർ ഇല്യാസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരൻ, ബെന്നി ബഹനാൻ, മുസ്ലിംലീഗ് നേതാവ് കെ.പി.എ മജീദ്, എം.എം ഹസ്സൻ തുടങ്ങിയവർ പങ്കെടുക്കും.

നാളെ വൈകിട്ട് നാലിന് അവസാനിക്കുന്ന പ്രക്ഷോഭത്തിൽ വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിനാളുകൾ പങ്കെടുക്കും.