തിരുവനന്തപുരം: വിവാദമായ സിംസ് പദ്ധതിക്ക് പിന്നിലെ അഴിമതി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ബോധപൂർവം മറച്ചുവയ്ക്കാൻ ശ്രമിച്ചത് അഴിമതിയെപ്പറ്റി വ്യക്തമായ അറിവുള്ളതിനാലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കോൺഗ്രസ് എം.എൽ.എമാരായ റോജി എം. ജോൺ, എം. വിൻസെന്റ്, ഷാനിമോൾ ഉസ്മാൻ, ടി.ജെ.വിനോദ് എന്നിവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ, സിംസ് പദ്ധതിക്ക് 2019 ജനുവരി 7ന് തന്നെ അംഗീകാരം നൽകിയെന്നും ഒക്ടോബർ നാല് മുതൽ പൊലീസ് ആസ്ഥാനത്ത് സിംസ് കൺട്രോൾ റൂം പ്രവർത്തിച്ചു തുടങ്ങിയെന്നും കെൽട്രോൺ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ ഇതിലെ സ്വകാര്യ പങ്കാളിത്തത്തെപ്പറ്റി ചോദിച്ചപ്പോൾ വിവരം ശേഖരിച്ചു വരുന്നെന്ന മറുപടിയാണ് ലഭിച്ചത്. ഗാലക്‌സോൺ കമ്പനിയെയാണോ പദ്ധതി ഏല്പിച്ചിരിക്കുന്നതെന്ന് നേരിട്ട് ചോദിച്ചപ്പോഴും ഇതായിരുന്നു മറുപടി. ഗാലക്‌സോണിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും മറച്ചു വയ്ക്കുകയാണ് മുഖ്യമന്ത്രി. എല്ലാം സുതാര്യമായിരുന്നെങ്കിൽ ഇതു വേണ്ടിവരില്ലായിരുന്നു.