vayal

കഴക്കൂട്ടം: കൊടും വരൾച്ചയിൽ വെള്ളം കിട്ടാതെ പള്ളിപ്പുറം ഏലായിലെ അമ്പതു ഏക്കർ നെൽകൃഷി നശിച്ചു. ഇതോടെ ഒരു നെൽമണി പോലും കിട്ടാതെ കൃഷിയിറക്കിയ 45 കർഷകരാണ് ദുരിതത്തിലായത്. ജില്ലയിലെ നെല്ലറയെന്നറിയപ്പടുന്ന പള്ളിപ്പുറം ഏലായിൽ തരിശുകിടന്ന 100 ഏക്കറിലാണ് ഇക്കുറി അണ്ടൂർക്കോണം കൃഷിഭവന്റെ പരിധിയിപ്പെട്ട പള്ളിപ്പുറം പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. കൊടും വെയിലിൽ വയൽ വിണ്ടുകീറുകയും നെൽകതിർ വരുന്നതിന് മുൻപ് കരിയാനും തുടങ്ങി. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കൃഷിക്കാർ പറയുന്നത്. മുൻപ് മഴ കുറവുള്ള സമയത്ത് ആനതാഴ്ചിറയിൽ നിന്നാണ് ഇവിടേക്ക് കൃഷിക്കായി നടുത്തോടു വഴി വെള്ളം എത്തിച്ചിരുന്നത്. ചിറയുടെ ചുമതല വാട്ടർ അതോറിട്ടി ഏറ്റെടുക്കുകയും വെള്ളം കുറയുകയും കൂടി ചെയ്തതോടെ വെള്ളമെത്തിക്കാൻ കഴിയാതെ വന്നു. 150 ഏക്കറോളം വരുന്ന ഏലായിൽ വെള്ളം കിട്ടാതെയായപ്പോൾ വർഷങ്ങളോളം തരിശായി കിടന്നു. തുടർന്ന് നെൽകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി അണ്ടൂർക്കോണം പഞ്ചായത്തും കൃഷിഭവനും റോട്ടറി ക്ളബ് അടക്കമുള്ള സന്നദ്ധ സംഘടനകളും മുന്നോട്ട് വന്നു തുടർന്ന് പള്ളിപ്പുറം പാടശേഖരസമിതിയുടെ നേതൃത്വത്തിൽ കൃഷിയിറക്കുകയായിരുന്നു. കർഷകരുടെ നഷ്ടം നികത്തുന്നതിന് സർക്കാർ അടിയന്തരമായി ഇടപ്പെടണമെന്ന് പാടശേഖര സമിതിക്കാർ ആവശ്യപ്പെട്ടു.