കുഴിത്തുറ : കളിയിക്കാവിള ചെക്‌പോസ്റ്റിൽ എ.എസ്.ഐ വിത്സനെ വെടിവച്ചു കൊലപെടുത്തിയ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ എൻ.ഐ.എ പരിശോധന നടത്തി. തൂത്തുക്കുടി, സേലം,കടലൂർ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പ്രതികളായ അബ്ദുൾഷമീം,തൗഫിക് എന്നിവരെ സഹായിച്ചവരുടെ വീടുകളിലും എൻ.ഐ.എ സംഘമെത്തി.
കന്യാകുമാരി ജില്ലയിൽ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുന്ന എൻ.ഐ.എ കൊച്ചി എസ്.പി രാഹുലിന്റെ നേതൃത്വത്തിലാണ് പരിശോധന. എസ്.ഐ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തൂത്തുക്കുടിയിലെ കായൽപട്ടണം സ്വദേശി മൊയ്ദീൻ ഫാത്തിമയുടെ വീട്ടിൽ പരിശോധന നടത്തി. വിൽസൺ കൊലക്കേസിൽ പ്രതികൾക്ക് വേണ്ട സഹായം ചെയ്തതിന് റിമാൻഡിലുള്ള സെയ്ദലി നവാസിന്റെ രണ്ടാമത്തെ ഭാര്യയാണ് മൊയ്ദീൻ ഫാത്തിമ. ഇവർ കഴിഞ്ഞ എട്ട് വർഷമായി ഉപയോഗിച്ച മൊബൈൽഫോണുകൾ,സിം കാർഡുകൾ,മെമ്മറി കാർഡ്,ബാങ്ക് വഴി പണം അയച്ച രസീതുകൾ എന്നിവ എൻ.ഐ.എ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
പ്രതികൾക്ക് സിം കാർഡ് നൽകിയതിന് അറസ്റ്റിലായ സേലം തീവട്ടിപ്പട്ടി സ്വദേശി മുഹമ്മദിന്റെ വീട്ടിലും മൊബൈൽ കടയിലും പരിശോധന നടത്തി. 10 സിംകാർഡുകൾ പ്രതികൾക്കു നൽകിയതിന്റെ തെളിവും ബി.ജെ.പി, ആർ.എസ്.എസ് സംഘടനകൾ നടത്തുന്ന പരിപാടികൾക്ക് എതിരായി അച്ചടിച്ച ലഘുലേഖകളും കണ്ടെത്തിയെന്നാണ് വിവരം. കേസിൽ പ്രതിയായ നെല്ലികുപ്പം മേൽപ്പട്ടാപ്പക്കം സ്വദേശി ജാഫർ അലിയുടെ വീട്ടിൽ ഇന്നലെ എൻ.ഐ.എ ഡി.വൈ.എസ്.പി പീറ്റർ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തി. ഡൽഹിയിൽ അറസ്റ്റിലായ കാജാ മൊയ്തീന്റെ ഒന്നാം ഭാര്യ ഇന്ദിര താമസിക്കുന്ന നെയ്യ്‌വേലിയിലുള്ള വീട്ടിലും ഇയാളുടെ മൂന്നാം ഭാര്യയായ കടലൂർ കാട്ടുമന്നാർകോവിൽ പുത്തൂർ കൊളമേട്ടിൽ ഹനീസയുടെ വീട്ടിലും എൻ.ഐ.എ പരിശോധന നടത്തി.