തിരുവനന്തപുരം :ചാല കമ്പോളത്തെ പൈതൃകത്തെരുവാക്കി മാറ്റുന്നതിന്റെ പ്രാരംഭഘട്ടത്തിന് ഇന്ന് തുടക്കം. ഒന്നാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചാല മാർക്കറ്റിൽ ഇന്ന് വൈകിട്ട്
അഞ്ചിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.വി.എസ്.ശിവകുമാർ എം.എൽ.എ. അദ്ധ്യക്ഷനാകും. മേയർ കെ.ശ്രീകുമാർ, ശശിതരൂർ എം.പി തുടങ്ങിയവർ പങ്കെടുക്കും.
പച്ചക്കറിവിപണിയുടെ നവീകരണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. കിഴക്കേകോട്ട മുതൽ കിള്ളിപ്പാലം വരെ പൈതൃകത്തെരുവും ആര്യശാല ജംഗ്ഷന് പുതിയ മുഖഛായയും ഈ പൈതൃക വികസന പദ്ധതി പ്രകാരം സൃഷ്ടിക്കും. ചാലയുടെ ഗതകാല സ്മരണകളും തിരുവിതാംകൂറിന്റെ ചരിത്രവും ആലേഖനം ചെയ്യുന്ന ചിത്ര മതിലുകൾ, മേൽക്കൂരയോട് കൂടിയ നടപ്പാത, വിശ്രമ ബെഞ്ചുകൾ, പ്രവേശന കവാടങ്ങൾ, അമിനിറ്റി സെന്റർ, ആര്യശാല ജംഗ്ഷനിൽ പഴയ തിരുവിതാംകൂർ ദിവാൻ രാജാ കേശവദാസിന്റെ പ്രതിമ തുടങ്ങി പരമ്പരാഗത ഭംഗി നിലനിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കും.