road-photos

തിരുവനന്തപുരം: റോഡ് സുരക്ഷാ കമ്മിഷണർക്ക് കൂടുതൽ അധികാരങ്ങൾ നൽകിക്കൊണ്ട് കേരള റോഡ് സുരക്ഷാ അതോറിട്ടി നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചു. ഭേദഗതി ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.

അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിയമത്തിൽ ഭേദഗതി കൊണ്ടു വരുന്നത്. എൻ. ശങ്കർ റെഡ്ഡിയാണ് നിലവിൽ റോഡ് സുരക്ഷാ അതോറിട്ടി കമ്മിഷണർ.

നിലവിൽ സംസ്ഥാന റോഡ‌് സേഫ്ടി അതോറിട്ടിയുടെ അനുവാദത്തോടെ മാത്രമേ കമ്മിഷണർക്ക് പ്രവർത്തിക്കാൻ കഴിയൂ. ഇത് പല തീരുമാനങ്ങളും കൈക്കൊള്ളുന്നതിന് കാലതാമസം ഉണ്ടാക്കുന്നു. ഇനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൂടിയായ കമ്മിഷണർ തീരുമാനം എടുത്ത ശേഷം അത് അതോറിട്ടിയെ അറിയിച്ചാൽ മതിയാകും. ഗതാഗതമന്ത്രി റോഡ് സുരക്ഷാ അതോറിട്ടിയുടെ ചെയർമാനും പൊതുമരാമത്ത് മന്ത്രി വൈസ് ചെയർമാനുമാണ്. ചീഫ് സെക്രട്ടറി, എട്ടു വകുപ്പുകളുടെ സെക്രട്ടറിമാർ, പൊലീസ് മേധാവി തുടങ്ങിയവരടങ്ങുന്നതാണ് അതോറിട്ടി.

റോഡപകടം ഉണ്ടായാൽ അന്വേഷണ സംഘം രൂപീകരിച്ച് നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കേണ്ടത് റോഡ് സുരക്ഷാ കമ്മിഷ്ണറുടെ ചുമതലയാകും. അവിനാശി അപകടത്തിൽ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയെ അന്വേഷണത്തലവനായി നിയോഗിച്ചത് വിവാദമായിരുന്നു.
റോ‌‌ഡ് സുരക്ഷയ്ക്ക് വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി സ്ക്വാഡ് രൂപീകരിക്കുക, പൊതുജനങ്ങളുടെ സഹായത്തോടെ സുരക്ഷാ സംഘങ്ങളെ രൂപീകരിക്കുക, മോട്ടോ‌ർ വാഹന വകുപ്പുകളുടെ കൺട്രോൾ റൂമുകളുടെ ഏകോപനം തുടങ്ങിയവയും കമ്മിഷണറുടെ ചുമതലയാവും.

 അർഹതപ്പെട്ട പണം കിട്ടുമോ?

ധനകാര്യ വകുപ്പ് പണം അനുവദിക്കാത്തതാണ് പലപ്പോഴും അതോറിട്ടിയുടെ പ്രവർത്തനം അവതാളത്തിലാക്കുന്നത്. വാഹനങ്ങളുടെ സെസ്, ഗതാഗത നിയമം ലംഘിക്കുന്നതിലെ പിഴവ് എന്നീ വകയിൽ സർക്കാരിന് അടയ്ക്കുന്ന തുകയുടെ 50% റോഡ് സുരക്ഷാ അതോറിട്ടിക്ക് ധനകാര്യ വകുപ്പിന്റെ അനുവാദം കൂടാതെ നൽകണമെന്ന് നിലിവിൽ വ്യവസ്ഥയുണ്ട്. എന്നാൽ പണം അനുവദിക്കാറില്ലെന്നു മാത്രം

പൊലീസും മോട്ടോർ വാഹന വകുപ്പും പ്രതിവർഷം ശരാശരി 200 കോടി രൂപ പിഴയായി ഈടാക്കി സർക്കാർ ട്രഷറിയിൽ അടയ്ക്കാറുണ്ട്. അതിൽ 100 കോടി രൂപ അതോറിട്ടിക്ക് അവകാശപ്പെട്ടതാണ്. എന്നാൽ, കഴിഞ്ഞ മൂന്നു വർഷത്തിനിടെ അതോറിട്ടിക്ക് ലഭിച്ചത് അഞ്ചു കോടി രൂപ മാത്രമാണ്. 20 കോടി ആവശ്യപ്പെട്ടപ്പോഴാണ് നാലിലൊന്ന് കിട്ടിയത്. വിവിധ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച ബിൽ തുകയായ 100 കോടിയും ഇതുവരെ അനുവദിച്ചിട്ടില്ല.

നിലവിലെ പ്രവർത്തനം

1.റോഡ് സുരക്ഷ സംബന്ധിച്ച ബോധവത്കരണം

2.സുരക്ഷയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വാങ്ങുക

3.സുരക്ഷാ പഠനത്തിനും ഗവേഷണത്തിനും ഫണ്ട് നൽകുക

4.ട്രോമകെയർ പരിപാടികൾക്കും ബന്ധപ്പെട്ടവയ്ക്കും പണം